അന്‍വറിന്റെ തടയണകള്‍ പൊളിക്കാന്‍ ഒരുങ്ങി പഞ്ചായത്ത്

കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി.അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചുമാറ്റും. കൂടരഞ്ഞി പഞ്ചായത്ത് ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട് ല്യക്തമാക്കുന്നത്. തടയണകള്‍ പൊളിച്ച് മാറ്റാന്‍ ജില്ലാ കലക്ടര്‍ ഒരു മാസം സമയം അനുവദിച്ചിട്ടും ഒന്നും ചെയ്യാത്തതിനെ തുടര്‍ന്നാണ് കൂടരഞ്ഞി പഞ്ചായത്ത് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.

തടയണ പൊളിക്കുന്നതിന്റെ ആദ്യപടിയെന്ന നിലയില്‍ തടയണകളിലെ വെള്ളം ഒഴുക്കി കളഞ്ഞു. ടെന്‍ഡര്‍ നടപടികളിലേക്കാണ് അടുത്തത്.ഇതിന് ഏകദേശം 60,000 രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പ്രദേശം നേരത്തെ ശുദ്ധജലക്ഷാമം നേരിട്ടിരുന്നു. തടയണ വന്നതോടെ ജലദൗര്‍ലഭ്യം ഇല്ലാതായെന്നും അതിനാല്‍ ഇത് ജലസംഭരണികളായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടറെ സമീപിച്ചു. എന്നാല്‍ ജില്ലാ ഭരണകൂടം പറയുന്നത് നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ്. അതിനിടെ എത്രയും വേഗം തടയണകള്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി.