വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ല; ജലീലിനെ തള്ളി വി. എന്‍ വാസവനും !

തിരുവനന്തപുരം: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പിന്നാലെ കെ ടി ജലീലിനെ തള്ളി സഹകരണ മന്ത്രി വി എന്‍ വാസവനും. ‘സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാന്‍ ഇഡിയുടെ ആവശ്യമില്ല. അതിന് കേരളത്തില്‍ സംവിധാനമുണ്ട്. സഹകരണം സംസ്ഥാന വിഷയമാണ്. ബാങ്കുമായി ബന്ധപ്പെട്ട പരാതികള്‍ വന്നത് ഇപ്പോഴാണ്. വിഷയം ജലീല്‍ എന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി വിഷയത്തില്‍ നന്നായി കമന്റ് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ലെന്ന് വാസവന്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ ആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം ഇ ഡി അന്വേഷിക്കണമെന്നുമുള്ള ജലീലിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളിയത്.

‘കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഇഡിയുടെ ചോദ്യംചെയ്യലോടുകൂടി ജലീലിന് ഇഡിയില്‍ വിശ്വാസം കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. സഹകരണ ബാങ്കില്‍ ഇഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല എന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.