മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് ഒരു വ്യത്യസ്ത ഓഫര്‍ ഒരുക്കിയിരിക്കുകയാണ് യു.എ.ഇയിലെ മലയാളി ട്രാവല്‍ ഏജന്‍സി.
ദുബായിലെ ഷാര്‍ജ ആസ്ഥാനമായുള്ള സ്മാര്‍ട്ട് ട്രാവല്‍സ് എല്‍.എല്‍.സിയാണ് മമ്മൂട്ടിയുടെ പിറന്നാള്‍ സന്തോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷം 70 വയസ് തികയുന്ന 70 ആരാധകര്‍ക്ക് സൗജന്യമായി ദുബൈയിലേക്കുള്ള സന്ദര്‍ശക വിസകള്‍ നല്‍കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു മാസത്തെ താമസത്തിനുള്ള വിസയും ട്രാവല്‍ ഇന്‍ഷുറന്‍സുമാണ് നല്‍കുന്നതെന്ന് മമ്മൂട്ടിയുടെ ആരാധകന്‍ കൂടിയായ സ്മാര്‍ട്ട് ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അഫി അഹ്‌മദ് പറഞ്ഞു.
ഈ വര്‍ഷം 70 വയസ്സ് പൂര്‍ത്തിയാക്കിയവരാണെന്ന് തെളിയിക്കുന്ന പാസ്പോര്‍ട്ട് കോപ്പി സഹിതമാണ് സെപ്റ്റംബര്‍ 8 യു.എ.ഇ സമയം വൈകിട്ട് അഞ്ചിനു മുന്‍പ് അപേക്ഷിക്കേണ്ടത്. ആദ്യം അപേക്ഷിക്കുന്ന 70 പേര്‍ക്കാണ് അവസരം ലഭിക്കുക. 320 ദിര്‍ഹം വിലയുള്ള വിസയും ഇന്‍ഷുറന്‍സുമാണ് സൗജന്യമായി നല്‍കുന്നതെന്നും ട്രാവല്‍സ് അധികൃതര്‍ പറയുന്നു. വിമാന ടിക്കറ്റും കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്കുകളും യാത്രക്കാരന്‍ തന്നെ വഹിക്കണം.
ചെറുപ്പം മുതലേ മമ്മൂട്ടിയോട് ഏറെ ഇഷ്ടമാണ്. ഈ പ്രായത്തിലും ശാരീരികക്ഷമത നിലനിര്‍ത്തി സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ മഹാനടന് ഒരു ജന്മദിന സമ്മാനം നല്‍കുമ്‌ബോള്‍ അത് യു.എ.ഇയിലുള്ള പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകട്ടെ എന്നു കരുതി. മമ്മൂക്കയ്ക്കും അതായിരിക്കും ഇഷ്ടമെന്നും വിശ്വസിക്കുന്നുവെന്ന് അഫി പറഞ്ഞു.

