തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പിതൃതുല്യനാണെന്ന് കെ ടി ജലീല്‍. ശാസിക്കാനും ഉപദേശിക്കാനും തിരുത്താനുമുള്ള അവകാശം പിണറായിക്കുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
പി കെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെയുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും, ജീവിതത്തില്‍ ഇന്നുവരെ അഴിമതി നടത്തിയിട്ടില്ലെന്നും, അവിഹിത സമ്പാദ്യമില്ലെന്നും ജലീല്‍ കുറിപ്പില്‍ പറയുന്നു.
വാര്‍ത്താസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ജലീലിന്റെ ആവശ്യത്തെ മുഖ്യമന്ത്രി തള്ളിയിരുന്നു. ‘കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഇഡിയുടെ ചോദ്യംചെയ്യലോടുകൂടി ജലീലിന് ഇഡിയില്‍ വിശ്വാസം കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. സഹകരണ ബാങ്കില്‍ ഇഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് മറുപടിയായാണ് ജലീലിന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്ബാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വല്‍കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്ബാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.
മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം.

