ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ട്, ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി കോടതി തള്ളി

കൊച്ചി: നവജാത ശിശുവില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനെ വേറിട്ട് കാണേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടി ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി കോടതി തള്ളി.

31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി എറണാകുളം സ്വദേശിനി നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍ തള്ളിയത്. ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുണ്ടെന്ന് കണ്ടെത്തിയതിനാല്‍ അബോര്‍ഷനു വേണ്ടി ഹര്‍ജിക്കാരി ആശുപത്രി അധികൃതരെ സമീപിച്ചിരുന്നു.

എന്നാല്‍ നിയമപ്രകാരം 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ആവശ്യം നിഷേധിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്ന നിയമഭേദഗതിക്ക് നടപടി തുടങ്ങിയെങ്കിലും ഇതു വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

ഹര്‍ജിക്കാരിയുടെ ആവശ്യം പരിഗണിക്കാനായി മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കി റിപ്പോര്‍ട്ട് തേടിയിരുന്നു. കുഞ്ഞിന് വൈകല്യമുണ്ടെങ്കിലും ഗുരുതരമല്ലെന്നും അമ്മയുടെ ജീവനു ഭീഷണിയല്ലെന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ഹൈക്കോടതി ഹര്‍ജി തള്ളി ഉത്തരവിട്ടത്.