കേരള പൊലീസിനെ കുറിച്ച് സിപിഐയ്ക്ക് പരാതിയില്ല, ആനി രാജയെ തള്ളി കാനം !

തിരുവനന്തപുരം: പൊലീസില്‍ ആര്‍എസ്എസ് ഗ്യാംഗ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന സിപിഐ ദേശീയ നേതാവ് ആനി രാജയുടെ അഭിപ്രായം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സംസ്ഥാന പൊലീസിനോട് സിപിഐയ്ക്ക് സമാനമായ നിലപാടല്ല ഉളളതെന്നും കേരള പൊലീസിനെ കുറിച്ച് സിപിഐയ്ക്ക് പരാതിയില്ലെന്നും കാനം വ്യക്തമാക്കി. ആനി രാജയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും, പാര്‍ട്ടിയിലെ കേരളത്തിലെ നേതാക്കള്‍ക്കൊന്നും അത്തരം അഭിപ്രായം ഇല്ലെന്നും കാനം ചൂണ്ടിക്കാട്ടി. മാത്രമല്ല, ആനി രാജയുടെ അഭിപ്രായം വിവാദമാക്കേണ്ടെന്നും ഇത് പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമാണെന്നും കാനം പറഞ്ഞു.

അതേസമയം, സംസ്ഥാന നേതൃത്വത്തോട് ആലോചിക്കുക പോലും ചെയ്യാതെ ആനി രാജ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയതിലുളള അതൃപ്തി കാനം രാജേന്ദ്രന്‍ കത്തിലൂടെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

നേരത്തെ, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നയത്തിനെതിരായി ബോധപൂര്‍വമായ ഇടപെടല്‍ കേരളാ പൊലീസില്‍ നിന്നുണ്ടാകുന്നതായും ദേശീയ തലത്തില്‍ നാണക്കേട് ഉണ്ടാക്കുന്നതാണ് പൊലീസിന്റെ നയമെന്നുമായിരുന്നു ആനി രാജ പറഞ്ഞത്. പൊലീസ് അനാസ്ഥയില്‍ മരണങ്ങള്‍ വരെ ഉണ്ടാകുന്നു. ഒരു ആര്‍എസ്എസ് ഗ്യാംഗ് കേരള പൊലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും ആനി രാജ പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് മന്ത്രാലയവും പ്രത്യേകം മന്ത്രിയും വേണമെന്നും ആനി രാജ അഭിപ്രായപ്പെട്ടിരുന്നു.