ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും ഇനി ജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകും; സിറ്റിസൺ പോർട്ടൽ യാഥാർത്ഥ്യമായി

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും ഇനി മുതൽ കൂടുതൽ സുതാര്യവും സുഗമവും ആകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസൺ പോർട്ടൽ (https://citizen.lsgkerala.gov.in/) യാഥാർത്ഥ്യമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇനി വിവരങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകും. പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായത്തിന്റെ (ഐ.എൽ.ജി.എം.എസ്) ഭാഗമായി പോർട്ടൽ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസൺ പോർട്ടൽ. കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് നിലവിലുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് വിന്യസിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അതുകൂടി പൂർത്തിയാകുന്നതോടെ ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.