പ്യോങ്യാംഗ്: ഉത്തര കൊറിയയില്‍ കുട്ടികളെ വ്യാപകമായി തട്ടിക്കൊണ്ട് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. സമ്പന്ന കുടുംബങ്ങളിലെ കുട്ടികളെ തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടുന്നത് ഇവിടെ പതിവായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ നാലോളം കുട്ടികളെയാണ് ഇത്തരത്തില്‍ കാണാതായത്.
കൊവിഡ് ബാധിക്കാതിരിക്കാന്‍ അതിര്‍ത്തികള്‍ അടച്ചിട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ പട്ടിണി രൂക്ഷമായതാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് തിരിയാന്‍ കാരണമെന്ന് ഡെയിലി മെയിലില്‍ വന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ ഭരണാധികാരി കിം ജ്യോഗ് ഉന്‍ ഉത്തരവിട്ടിരുന്നു. കൊവിഡിനെ ഭയന്ന് രണ്ട് വര്‍ഷമായി അതിര്‍ത്തി അടച്ചിട്ട ഏക രാജ്യമാണ് ഉത്തര കൊറിയ.
എന്നാല്‍, ഇതിനെതുടര്‍ന്ന് ഭക്ഷണം, മരുന്നുകള്‍, ഇന്ധനം, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവ രാജ്യത്ത് ലഭിക്കാതായി. 1990 കളുടെ മദ്ധ്യത്തില്‍ അനുഭവപ്പെട്ടതിലും വിനാശകരമായ ക്ഷാമമാണ് രാജ്യത്തുള്ളത്.
ചൈനയുമായി 1,352 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഉത്തര കൊറിയ. ഇവിടെ നിന്നുമാണ് കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തുന്നതും. ഇന്ധനത്തിന്റെയും സ്പെയര്‍ പാര്‍ട്‌സിന്റെയും അഭാവം മൂലം രാജ്യത്ത് വ്യവസായവും കൃഷിയും വലിയ തോതില്‍ നിലച്ചിരിക്കുകയാണ്.
ഇത്തരം തട്ടിക്കൊണ്ട് പോകലിന് പിന്നിലുള്ള പ്രതികളെ നിഷ്പ്രയാസം പൊലീസിന് കണ്ടെത്താനും കഴിയുന്നുണ്ട്. കഴിക്കാന്‍ ഭക്ഷണമില്ലെന്നും പട്ടിണി അനുഭവിക്കുന്നതിനാലാണ് ഇത്തരം കുറ്റകൃത്യം ചെയ്യാന്‍ ഇറങ്ങിയതെന്നുമാണ് ഇവരുടെ കുറ്റസമ്മതം.

