ടി.ജെ ജോസഫിന്റെ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങുന്നു; ‘എ തൗസന്റ് കട്ട്സ്’

തൊടുപുഴ: മതഭീകരവാദികള്‍ ക്ലാസില്‍ കയറി കൈവെട്ടിയ പ്രൊഫ. ടി.ജെ ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകളുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങുന്നു. എ തൗസന്റ് കട്ട്സ് എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്ന പുസ്തകം ഈ മാസം 20നാണ് പുറത്തിറങ്ങുന്നത്.

മഹാകവി വള്ളത്തോളിന്റെ കൊച്ചുമകനും മാധ്യമ പ്രവര്‍ത്തകനുമായ കെ. നന്ദകുമാറാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാകും പുസ്തകത്തിന്റെ പ്രകാശന കര്‍മം നടക്കുക.

എസ്ഡിപിഐ മതഭീകരവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ. ടി.ജെ ജോസഫിന്റെ അനുഭവ കഥ പറയുന്ന പുസ്തകമാണ് അറ്റുപോകാത്ത ഓര്‍മ്മകള്‍. 2010 ജൂലൈ നാലിനാണ് ഇന്റേണല്‍ പരീക്ഷയ്ക്ക് ഇട്ട ചോദ്യത്തിന്റെ പേരില്‍ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായ ടി.ജെ. ജോസഫിന് നേരെ എസ്ഡിപിഐ മത തീവ്രവാദികളുടെ ആക്രമണമുണ്ടായത്. പിന്നാലെ ക്രൈസ്തവ സഭ പോലും ഇദ്ദേഹത്തെ തള്ളിപ്പറയുകയും ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. മത തീവ്രവാദികള്‍ ആക്രമിച്ച ദിവസത്തിന്റെ പത്താം വാര്‍ഷികത്തിലായിരുന്നു ആത്മകഥ പ്രസിദ്ധീകരിച്ചത്.

ഒരൊറ്റ ചോദ്യത്തിന്റെ പേരില്‍ വ്യക്തി ജീവിതത്തിലും അധ്യാപക ജീവിതത്തിലും താണ്ടിയ കനല്‍വഴികളുടെ തുറന്നെഴുത്താണ് പുസ്തകം, തന്റെ പുസ്തകം വിവര്‍ത്തനത്തിലൂടെ കൂടുതല്‍ പേരിലെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രൊഫ. ടി.ജെ ജോസഫ് പറഞ്ഞു.

മതഭീകരവാദം ലോകത്ത് കൂടുകയാണെന്നും തന്നെപ്പോലുള്ളവരുടെ ദുരനുഭവങ്ങള്‍ വായിച്ച് ചിലരെങ്കിലും അതില്‍ നിന്നെല്ലാം പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.