സ്‌കൂളുകള്‍ തുറക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍; അടുത്തമാസം ഭാഗികമായി തുറന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍. സ്‌കൂളുകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആരോഗ്യവിദഗ്ദ്ധര്‍ നിര്‍ദേശിച്ചതിനു പിന്നാലെയാണ് സ്‌കൂള്‍ തുറക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.

കോവിഡ് തീവ്ര വ്യാപനം കുറയുന്നതിന് അനുസരിച്ച് ഒക്ടോബര്‍ 1 മുതല്‍ ഘട്ടം ഘട്ടമായി തുറക്കാനുള്ള സാധ്യതയാണ് തേടുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നു മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ 10,12 ക്ലാസുകള്‍ പകുതി കുട്ടികള്‍ വീതമുള്ള ഷിഫ്റ്റ് രീതിയില്‍ തുറക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത്. എന്നാല്‍, രോഗപ്രതിരോധശേഷി ചെറിയ പ്രായക്കാര്‍ക്കു കൂടുതലുള്ളതിനാല്‍ ആദ്യം പ്രൈമറി ക്ലാസുകള്‍ തുറക്കണമെന്നാണു വിദഗ്ദ്ധര്‍ നിര്‍ദേശിച്ചത്.

അതേസമയം, കോവിഡ് കാലത്തിന് ശേഷം സ്‌കൂള്‍ തുറന്നാലും പഴയ ക്ലാസ് മുറികളല്ല ഉണ്ടാവുകയെന്നും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പരമ്പരാഗത വിദ്യാഭ്യാസ രീതികളുമായി സമന്വയിപ്പിച്ചുള്ള പുതിയ സമ്പ്രദായമാകും വരികയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും വ്യക്തമാക്കി.

ആരോഗ്യത്തിന് ഏറെ കരുതല്‍ നല്‍കിക്കൊണ്ട് അദ്ധ്യാപകരുടെ പങ്കാളിത്തത്തോടെ, പുതിയ മാതൃകകളിലൂടെ സുരക്ഷിതമായ അദ്ധ്യാപനമാണ് ഇപ്പോള്‍ സാധ്യമാകുന്നതെന്നും മുഹമ്മദ് ഹനീഷ് ചൂണ്ടിക്കാട്ടി.