സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57, പ്രവര്‍ത്തി ദിവസങ്ങള്‍ 5 ദിവസമാക്കാനും ശുപാര്‍ശ !

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്താന്‍ ശുപാര്‍ശ. 11-ാം ശമ്പള പരിഷ്‌കരണ കമ്മീഷനാണ് 56 വയസില്‍ നിന്നും 57 ലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഇതിനു പുറമേ പ്രവര്‍ത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറക്കണമെന്നും ശുപാര്‍ശയുണ്ട്. പകല്‍ 10 മുതല്‍ അഞ്ച് വരെയാണ് നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം. പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിന് പകരം പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാക്കി ദീര്‍ഘിപ്പിക്കണമെന്നും ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിര്‍ദേശമുണ്ട്.

വര്‍ഷത്തിലെ അവധി ദിവസങ്ങള്‍ 12 ആക്കി കുറക്കണം. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ പ്രാദേശിക അവധികള്‍ അനുവദിക്കേണ്ടതുള്ളു. ആര്‍ജിതാവധി വര്‍ഷം 30 ആക്കി ചുരുക്കണം. വര്‍ക്ക് ഫ്രം ഹോം ജോലിക്കായി ഉദ്യോഗസ്ഥര്‍ക്ക് മാറിമാറി അവസരം നല്‍കണമെന്നും കമീഷന്‍ ശിപാര്‍ശ ചെയ്യുന്നു.

സര്‍വീസില്‍ ഇരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.