ചെന്നൈ: കേരളത്തോട് അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്‌സിനേഷൻ വർധിപ്പിക്കാൻ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. തമിഴ്‌നാട്, കർണാടക സർക്കാരുകൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയത്. ഇരു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച നിർദ്ദേശം ന്ൽകിയത്.
കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കർശന നിയന്ത്രണമേർപ്പെടുത്തിയാൽ കേരളത്തിൽ രണ്ടാഴ്ച്ചകൊണ്ട് കോവിഡ് വ്യാപന തീവ്രത കുറയുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനായി സമർഥവും തന്ത്രപരവുമായ അടച്ചുപൂട്ടൽ വേണമെന്നും ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെടുന്നു.
കേരളത്തിൽ നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14 മുതൽ 19 ശതമാനം വരെയാണ്. കേരളത്തിന്റെ അയൽസംസ്ഥാനങ്ങളിലേക്ക് വ്യാപനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഒരു പ്രധാന അവധിയാഘോഷ കേന്ദ്രമന്ന നിലയിൽ കണ്ടെയ്ൻമെന്റെ സോണുകളിൽ ശക്തമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തേണ്ടതും കേന്ദ്രം ആവശ്യപ്പെട്ടു.

