തിരുവനന്തപുരം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കളുടെ നയവ്യതിയാനങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ വ്യക്തമാക്കി സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഘടകകക്ഷി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഇടങ്ങളിൽ ചില പാർട്ടി നേതാക്കൾ നേരിട്ട് പണം വാങ്ങിയെന്ന് അവലോകന റിപ്പോർട്ടിൽ പറയുന്നു. ഇത് പാർട്ടി തുടരുന്ന ശൈലിയുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സിപിഎം നേതാക്കൾ ഘടകകക്ഷി പാർട്ടികളുടെ കൈയിൽ നിന്ന് നേരിട്ട് പണം വാങ്ങുന്നുവെന്ന ആരോപണം തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന വിധത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ മാറി വോട്ട് ചെയ്ത സംഭവങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ പരിശോധിച്ച് തിരുത്തണമെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.
സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പ് തന്നെ സമൂഹ മാദ്ധ്യമങ്ങൾ വഴി വ്യക്തികളെ തേജോവധം ചെയ്യുന്ന പ്രചാരണ ശൈലിയുണ്ട്. സ്ഥാനാർത്ഥിയാകാൻ വേണ്ടി മുൻകൂർ പ്രവർത്തനങ്ങളും ചരടുവലികളും നടത്തുന്നവരും സ്ഥാനാർത്ഥിത്വം ലഭിക്കാൻ മതനേതാക്കളെ കൊണ്ട് ശുപാർശ ചെയ്യിക്കുന്നവരും പാർട്ടിയിൽ ഉണ്ട് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് അവലോകന റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.

