ഉത്തര്‍പ്രദേശില്‍ പനി ബാധിച്ച് മരിച്ചത് 53 പേര്‍, 45 പേരും കുട്ടികള്‍; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ലക്നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ വ്യാപകമായി പനി പടര്‍ന്നുപിടിക്കുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പനിമൂലം 53 പേരാണ് മരിച്ചത്. മരിച്ചവരില്‍ 45 പേരും കുട്ടികളാണ്. ഡെങ്കി വ്യാപമാണെന്നാണ് സംശയം. 180ലധികം പേരെ ഫിറോസാബാദിലെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഫിറോസാബാദിലെ ബിജെപി എംഎല്‍എ മനീഷ് അസിജ പറഞ്ഞു. രോഗികള്‍ക്ക് കൃത്യമായ പരിചരണം നല്‍കാനായി 25 ദുരിതബാധിത സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫിറോസാബാദിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ കണ്ടുവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. കൂടാതെ മരിച്ചവരുടെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിക്കുകയും ചെയ്തു.

ലക്നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയില്‍ നിന്നുള്ള സംഘം രോഗവ്യാപനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.