തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ തീരുമാനിച്ച് സർക്കാർ. വ്യാപനശേഷി കൂടിയ പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ദക്ഷിണാഫ്രിക്ക ഉൾപ്പടെ എട്ട് രാജ്യങ്ങളിൽ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പുതിയ വകഭേദമായ സി.1.2 വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിരീക്ഷണങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 60 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ഉടൻ പൂർത്തിയാക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മെയ് മാസത്തിൽ ദക്ഷിണാഫ്രിക്കയിലാണ് അതിവേഗം പടരാൻ ശേഷിയുള്ള സി.1.2 വൈറസിനെ ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യുസിലാൻഡ്, പോർച്ചുഗൽ അടക്കം ഏഴു രാജ്യങ്ങളിൽ കൂടി വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ൽ വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിൽ നിന്ന് ഏറെ വ്യത്യസ്തമായ വൈറസാണിതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
വരും ആഴ്ചകളിൽ ഈ വൈറസിന് കൂടുതൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് ഗവേഷകരുടെ ആശങ്ക. അങ്ങനെ വന്നാൽ വാക്‌സിൻ കൊണ്ട് ഒരാൾ ആർജിക്കുന്ന പ്രതിരോധശേഷിയെ പൂർണ്ണമായി മറികടക്കാൻ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കുമെന്നും അതിനാൽ ഈ വകഭേദത്തെപ്പറ്റി കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. അതേസമയം ഇന്ത്യയിൽ ഇതുവരെ C.1.2 റിപ്പോർട്ട് ചെയ്തിട്ടില്ല.

