ന്യൂഡല്‍ഹി: കോവിഡ് വാക്‌സീനുകള്‍ രോഗം വരാതെ പ്രതിരോധിക്കില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. രോഗത്തിന്റെ സ്വഭാവം മാറ്റാന്‍ മാത്രമേ വാക്‌സിന്‍ ഉപകരിക്കൂ എന്നും, അതിനാല്‍ വാക്‌സീന്‍ രണ്ടാം ഡോസ് എടുത്ത ശേഷവും എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണമെന്നും ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
കോവിഡ് രോഗത്തിന്റെ തീവ്രത ലഘൂകരിക്കാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കാനും മരണസാധ്യത 98-99 ശതമാനം വരെ ഒഴിവാക്കാനും വാക്‌സീന്‍ സഹായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സീന്‍ രണ്ട് ഡോസും എടുത്തവര്‍ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 85 ശതമാനം കുറഞ്ഞതായും ഐസിഎംആര്‍ മേധാവി പറഞ്ഞു.
മാത്രമല്ല, വാക്‌സീന്‍ എടുത്തവര്‍ക്ക് വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വാക്‌സീന്റെ വിശ്വാസ്യതയെയും ബാധിക്കുന്നുണ്ടെന്നും, എന്നാല്‍ സംശയത്തിന് പ്രസക്തിയില്ലെന്നും ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തിനെയും വാക്‌സീന്‍ എടുപ്പിക്കാതെ കൊറോണവൈറസിനെ നമുക്ക് പിടിച്ചു കെട്ടാനാകില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കൂടാതെ, വാക്‌സീന്‍ എടുക്കാത്ത ജനവിഭാഗങ്ങള്‍ കൂടുതലുള്ള ഇടങ്ങളില്‍ കൂടുതല്‍ വ്യതിയാനങ്ങള്‍ നടത്താന്‍ വൈറസിന് അവസരം ലഭിക്കുമെന്നും വാക്‌സീനെ പോലും നിഷ്പ്രഭമാക്കാവുന്ന തീവ്രമായ വകഭേദങ്ങളുടെ സൃഷ്ടിക്ക് ഇത് കാരണമാകാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

