ഇന്ത്യയെ അഭിമാന നിറുകയിലേറ്റി ഒരു സുവര്‍ണ ഏറ് ! ജാവലിന്‍ ത്രോയില്‍ സ്വര്‍ണനേട്ടവുമായി സുമിത് ആന്റില്‍

ടോക്കിയോ: പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോ ഫൈനലില്‍ ലോക റെക്കോഡോടെ സ്വര്‍ണത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ താരം സുമിത് ആന്റില്‍.

ഇതോടെ, ടോക്കിയോ പാരാലിമ്പിക്‌സില്‍ രണ്ടാമത്തെ സ്വര്‍ണമെഡലാണ് ലോക ഒന്നാം നമ്പര്‍ താരമായ സുമിതിലൂടെ ഇന്ത്യ നേടിയത്. തന്റെ അഞ്ചാമത്തെ ശ്രമത്തിലാണ് 23 കാരനായ സുമിത് 68.55 മീറ്റര്‍ എന്ന തന്റെ റെക്കോര്‍ഡ് ദൂരം കണ്ടെത്തിയത്.

62.88 മീറ്റര്‍ എന്ന തന്റെ മുന്‍ ലോക റെക്കോര്‍ഡിനെ മറികടന്നാണ് സുമിത് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. മത്സരത്തില്‍ സുമിത്തിന്റെ ആറാമത്തെയും അവസാനത്തെയും ശ്രമം ഫൗളായിരുന്നു. ആദ്യ അഞ്ച് ശ്രമങ്ങളില്‍ 66.95, 68.08, 65.27, 66.71, 68.55 എന്നിങ്ങനെ ദൂരം കണ്ടെത്താന്‍ സുമിത്തിനായി.

ഹരിയാനയിലെ സോനീപഥ് സ്വദേശിയായായ സുമിത്തിന് 2015 ല്‍ ഒരു മോട്ടോര്‍ ബൈക്ക് അപകടത്തിലായിരുന്നു ഇടതുകാല്‍ മുട്ടിന് താഴേക്കുള്ള ഭാഗം നഷ്ടമായത്.