ഉജ്വല യോജന രണ്ടാം ഘട്ടം; ഗ്യാസ് കണക്ഷനോടൊപ്പം അടുപ്പും, ഒരു തവണ പാചകവാതകവും സൗജന്യം

gas

ആലപ്പുഴ: പ്രധാനമന്ത്രി ഉജ്വല യോജനയുടെ രണ്ടാം ഘട്ടം ആലപ്പുഴ ജില്ലയില്‍ ആരംഭിച്ചതായി എല്‍പിജി സെയില്‍സ് അസിസ്റ്റന്റ് മാനേജര്‍ ശ്രീകാന്ത് സി. ആര്‍. പദ്ധതിയിലൂടെ സൗജന്യ ഗ്യാസ്‌കണക്ഷന്‍ ലഭിക്കുവാന്‍ ഓണ്‍ലൈനായും ജില്ലയിലെ എല്ലാ പാചക വാതക വിതരണ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ നല്‍കാം.

ആദ്യഘട്ടത്തെ അപേക്ഷിച്ച് പദ്ധതിയിലെ നടപടിക്രമങ്ങള്‍ സുതാര്യമാക്കിയിട്ടുണ്ട്. മാത്രമല്ല, സൗജന്യ പാചക വാതക കണക്ഷനോടൊപ്പം ഒരു തവണ പാചകവാതകം സൗജന്യമായി നിറച്ച് നല്‍കും, സൗജന്യ അടുപ്പും നല്‍കും.

പുതിയ താമസക്കാര്‍ക്കും, കുടിയേറ്റ തൊഴിലാളികള്‍ക്കും അപേക്ഷിക്കാന്‍ റേഷന്‍ കാര്‍ഡ് സമര്‍പ്പിക്കേണ്ടതില്ല, വിലാസം സ്വയം സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതിയാകും.

അപേക്ഷകര്‍ സ്ത്രീകളായിരിക്കണം, ദാരിദ്ര്യ രേഖയ്ക്ക് താഴെയുമായിരിക്കണം. അപേക്ഷ നല്‍കുന്ന കുടുംബാംഗങ്ങളുടെ പേരില്‍ പാചക വാതക കണക്ഷനും ഉണ്ടാവരുത്.

എല്ലാ വീടുകളിലും പാചക വാതകം എത്തിക്കുക എന്നതാണ് ഉജ്വല യോജന പദ്ധതി ലക്ഷ്യമിടുന്നത്.