സ്ത്രീധനത്തിന്റെ പേരില്‍ ഇനിയൊരു മകളുടെയും ജീവന്‍ നഷ്ടമാകരുത്; സൗജന്യ നിയമസഹായത്തിന് ടോള്‍ഫ്രീ നമ്പറുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഓഫീസില്‍ സ്ത്രീധന വിരുദ്ധ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘മകള്‍ക്കൊപ്പം’ കാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഹെല്‍പ് ഡെസ്‌ക്കിന് തുടക്കം കുറിച്ചിരിക്കുന്നത്.

ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ടോള്‍ഫ്രീ നമ്പറില്‍ (ടോള്‍ഫ്രീ നമ്ബര്‍: 1800 425 1801) സേവനം ആവശ്യമുള്ള സ്ത്രീകള്‍ക്ക് വിളിക്കാം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 87 അഭിഭാഷകരുടെ നിയമോപദേശം സൗജന്യമായി ലഭിക്കും.

കുടുംബത്തിന് ഭാരമാകരുതെന്ന ചിന്തയിലാണ് പല പെണ്‍കുട്ടികളും ഇന്ന് ആത്മഹത്യ ചെയ്യുന്നതെന്നും, ആത്മഹത്യയേക്കാള്‍ ഭേദമാണ് വിവാഹമോചനമെന്ന് അവരെ തിരുത്താന്‍ സമൂഹം തയ്യാറാകണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളും വര്‍ധിക്കുകയാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഇനിയൊരു മകളുടെയും ജീവന്‍ നഷ്ടമാകരുതെന്നും, സ്ത്രീധന വിവാഹം ഇനി കേരളത്തില്‍ നടക്കരുത്. സ്ത്രീധനം കൊടുക്കില്ലെന്ന് പെണ്‍കുട്ടികളും വാങ്ങില്ലെന്ന് ആണ്‍കുട്ടികളും കര്‍ശനമായി തീരുമാനമെടുക്കണം. ജീവിതം തോറ്റു പിന്‍മാറാനുള്ളതല്ലെന്നും പോരാടാനുള്ളതാണെന്നും പെണ്‍കുട്ടികള്‍ മനസ്സില്‍ ഉറപ്പിക്കണം. സമൂഹം അവരെ ചേര്‍ത്ത് പിടിച്ച് അവര്‍ക്ക് ആത്മവിശ്വാസവും ആത്മധൈര്യവും പകര്‍ന്നു നല്‍കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, പിന്നണി ഗായിക അപര്‍ണ രാജീവും ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്‌ക്കിന് തുടക്കം കുറിച്ചത്.