രമ്യാ ഹരിദാസിനെതിരെ വധഭീഷണി; സിപിഎം നേതാക്കൾക്കെതിരെ പരാതി

പാലക്കാട്: ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ വധ ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരായ രണ്ട് പേർക്കെതിരെ രമ്യ ഹരിദാസ് പോലീസിൽ പരാതി നൽകി. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ആലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് നാസർ, നജീബ് എന്നിവർക്കെതിരെയാണ് രമ്യാ ഹരിദാസ് പരാതി നൽകിയിരിക്കുന്നത്. കണ്ടാലറിയാവുന്ന മറ്റ് ഏഴ് പേർക്കെതിരെയും പരാതി ഉണ്ട്.

ആലത്തൂരിൽ കാലു കുത്തിയാൽ കാലു വെട്ടുമെന്നാണ് ഭീഷണിയെന്ന് രമ്യ ഹരിദാസ് പരാതിയിൽ വ്യക്തമാക്കുന്നു. തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. ജനപ്രതിനിധിയെന്ന നിലയിൽ ആളുകൾ തന്നോട് സംസാരിച്ചാൽ അപ്പോൾ അവർ എന്താ ചെയ്യുന്നതെന്ന് അവർക്കേ അറിയുള്ളൂവെന്നാണ് സിപിഎം പ്രവർത്തകരെ കുറിച്ച് രമ്യാ ഹരിദാസ് ആരോപിക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വരെ സംഘം തടസപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ സമയത്ത് തനിക്ക് നേരെ ആലത്തൂരിൽ വെച്ച് ഇവർ കല്ലെറിഞ്ഞിരുന്നു. ഇപ്പോൾ രണ്ട് തവണയായി ഭീഷണിയുമായി വരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം എംപിയുടെ ആരോപണങ്ങളെല്ലാം സിപിഎം നിഷേധിച്ചു. രമ്യാ ഹരിദാസിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം പരാതികൾ എംപിയുടെ സ്ഥിരം രീതിയാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ആലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് നാസർ പറഞ്ഞു.