മലയോരമേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: വിളനാശമുണ്ടായ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നത് പരിഗണനയിലാണെന്നും മലയോരമേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നും കൃഷി മന്ത്രി പി പ്രസാദ്. ടൌട്ടേ ചുഴലിക്കാറ്റിന് മുമ്പ് വിളനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക ജൂണ്‍ ഒന്നിന് മുന്‍പേ അനുവദിച്ചിരുന്നു. അത് എത്രയും വേഗം വിതരണം ചെയ്യുമെന്നും, ഗുണമേന്മയുള്ള വിത്തുകള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

10 ലക്ഷം വിത്തുതേങ്ങ കുറ്റ്യാടിയില്‍ നിന്നും ശേഖരിക്കും. ലോക്‌ഡൌണില്‍ നഴ്‌സറികള്‍ പ്രവര്‍ത്തിക്കുന്നതിന് ക്രമീകരണമുണ്ടാക്കും. അഴിമതി ആരോപണം ഉയര്‍ന്ന നടുവണ്ണൂരിലെ കേരഫെഡില്‍ ഓഡിറ്റിംഗ് പരിഗണിക്കും. അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടിയ ചോദ്യത്തോട് മന്ത്രി വ്യക്തമാക്കി. ലോക്‌ഡൊണ്‍ ഇളവുകള്‍ ആരംഭിച്ചാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടനാട് സന്ദര്‍ശിച്ച് കര്‍ഷകരെ കാണാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.