കുറ്റം ചെയ്‌തെങ്കിൽ മാത്രമേ ഭയക്കേണ്ടതുള്ളു; മരംമുറിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഇ ചന്ദ്രശേഖരൻ

കാസർകോട്: മരംമുറിയുമായി ബന്ധപ്പെട്ടുള്ള ഇ ഡി അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. കർഷക താല്പര്യം മുൻനിർത്തിയായിരുന്നു മരംമുറിക്കാൻ അനുവാദം നൽകിയതെന്നും ഉത്തരവ് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ അന്വേഷണത്തെ ഭയക്കേണ്ടതുള്ളു. അതിനാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പടെ ഏത് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയ പാർട്ടികളുടെയും കർഷക സംഘടനകളുടെയും കർഷകരുടെയും നിരന്തരമായ അപേക്ഷയെ തുടർന്നാണ് മരം മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. പട്ടയഭൂമിയിൽ നിന്ന് മരംമുറിക്കാനുളള അനുവാദം ഈ ഉത്തരവിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഉത്തരവിന്റെ മറവിൽ നിയമവിരുദ്ധമായി മറ്റുമേഖലകളിൽ നിന്ന് മരംമുറിക്കുന്നു എന്ന പരാതി കേൾക്കാൻ ഇടയായ സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കാൻ തീരുമാനമായത്. ഉത്തരവ് ദുരപയോഗം ചെയ്തിട്ടുണ്ടെങ്കിൽ അതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് അടിയന്തരപ്രമേയം വന്ന സമയത്ത് നിയമസഭയിൽ റവന്യൂമന്ത്രി അറിയിച്ചിട്ടുണ്ടെന്നും ഇ ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.