തൃശ്ശൂർ: വയനാട്ടിലെ മരംകൊള്ളയ്ക്ക് സമാനമായ രീതിയിൽ തൃശൂരിലും മരംമുറി. വടക്കാഞ്ചേരിയിലെ മച്ചാട് റേഞ്ച്, പുലാക്കോട് മേഖല എന്നിവിടങ്ങളിൽ നിന്നെല്ലാം കോടികളുടെ മരങ്ങളാണ് കടത്തിയിരിക്കുന്നത്. മച്ചാട് റേഞ്ചിൽ നിന്നാണ് ഏറ്റവും കൂടുതൽ തേക്കും ഈട്ടിയും വെട്ടി കടത്തിയിരിക്കുന്നത്.
ഇവിടെ മാത്രം 33 പാസുകളാണ് അനുവദിച്ചിരുന്നത്. ഈ പാസുകളുടെ മറവിൽ 500 ഓളം മരങ്ങൾ മേഖലയിൽ നിന്നും കടത്തിയെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പരിശോധനയിൽ പുറത്തു വരുന്നത്. പാസിന്റെ മറവിൽ തൃശ്ശൂർ ജില്ലയിൽ നിന്ന് അഞ്ചുകോടി രൂപയുടെ ഈട്ടി തടിയാണ് കടത്തിയത്.
ഏറ്റവും കൂടുതൽ മരം മുറിച്ചിരിക്കുന്നത് പുലാക്കോട് മേഖലയിൽ നിന്നാണ്. കടത്തിയ തടികൾ കണ്ടെത്തുന്നത് എളുപ്പമല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. രണ്ടു ദിവസത്തിടെ മരംകൊള്ളയുമായി ബന്ധപ്പെട്ട് അൻപതോളം കേസുകൾ വനംവകുപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതികൾ വർധിച്ചതോടെ ഓരോ റേഞ്ച് കേന്ദ്രീകരിച്ചും പ്രത്യേകം പ്രത്യേകം കേസുകളാണ് വനംവകുപ്പ് രജിസ്റ്റർ ചെയ്യുന്നത്. മേഖലയിൽ നിന്നും മുറിച്ചു മാറ്റപ്പെട്ട മരങ്ങളുടെ കണക്കുകൾ ഉടൻ സമർപ്പിക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദ്ദേശം.
ഉത്തരവ് റദ്ദാക്കിയ ശേഷവും കഴിഞ്ഞ ഫെബ്രുവരി നാലിന് മരങ്ങൾ കൊണ്ട് പോകാൻ വീണ്ടും പാസ് നൽകിയത് സംബന്ധിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി വനംസംരക്ഷണ പ്രവർത്തകർ ആരോപിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെ അകമല, പൂങ്ങോട്, പൊങ്ങണംകോട് എന്നീ സ്റ്റേഷനുകൾ നിർത്തലാക്കിയത് കേസുകൾ അട്ടിമറിക്കാനാണെന്നാണ് ഇവരുടെ ആരോപണം.

