ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; കാൽ കഴുകി ക്ഷമാപണം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പ്രവേശ് ശുക്ലയെന്നയാൾ മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാൽ കഴുകിയാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. ഭോപ്പാലിൽ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ചാണ് അദ്ദേഹം യുവാവിന്റെ കാൽ കഴുകിയത്.

മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് ആദിവാസിയായ ദഷ്മത് റാവത്തിന്റെ മുഖത്തേക്ക് പ്രവേശ് ശുക്ലയെന്നയാൾ മൂത്രമൊഴിച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് പ്രതി പ്രവേശ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സുരക്ഷ നിയമ പ്രകാരമാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. അതേസമയം, ഇയാൾ പ്രതി സിദ്ധി, എംഎൽഎയും ബിജെപി നേതാവുമായ കേദാർ നാഥ് ശുക്ലയുടെ അടുത്ത അനുയായിയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച് ബിജെപി രംഗത്തെത്തി.

ദഷ്മത് റാവത്തിനെ കസേരയിലിരുത്തിയ ശേഷം താഴെയിരുന്നാണ് ശിവരാജ് സിങ് ചൗഹാൻ കാൽ കഴുകിയത്. റാവത്തിനെ നിർബന്ധിച്ച് ചെരുപ്പ് അഴിപ്പിച്ച ശേഷം മുഖ്യമന്ത്രി കാൽ കഴുകുകയായിരുന്നു. മുഖത്തേക്ക് മൂത്രമൊഴിക്കുന്ന വിഡിയോ കണ്ടപ്പോൾ വളരെ വേദനയുണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനം ദൈവത്തെപ്പോലെയാണ്. ജനങ്ങളെ സേവിക്കുക എന്നാൽ ദൈവത്തെ സേവിക്കുന്നത് പോലെയാണ്. എല്ലാ മനുഷ്യരിലും ദൈവമുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിലെ പ്രതി പർവേശ് ശുക്ലയുടെ വീട് കഴിഞ്ഞ ദിവസം പോലീസ് ഇടിച്ചു നിരത്തി. സർക്കാരിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. ബുൾഡോസർ ഉപയോഗിച്ചാണ് പോലീസ് ഇയാളുടെ വീട് തകർത്തത്.

അതേസമയം, സംഭവം മുമ്പ് നടന്നതാണെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിവാദത്തിന് വേണ്ടിയാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നുമാണ് പ്രതിയുടെ വീട്ടുകാരുടെ ആരോപണം.