വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി കേരള സർവകലാശാല

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുൻ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന് കേരള സർവകലാശാല സിൻഡിക്കേറ്റ് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. എം എസ് എം കോളേജ് അധികാരികളെ വിളിച്ചു വരുത്തുമെന്നും രജിസ്ട്രാറൂം പരീക്ഷ കൺട്രോളരും അടങ്ങുന്ന സമിതി ഹിയറിംഗ് നടത്തുമെന്നും സിൻഡിക്കേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് പ്രത്യേക സെൽ രൂപീകരിക്കാനും തീരുമാനിച്ചു.

അതേസമയം, എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജ് പോലീസിനോട് കുറ്റം സമ്മതിച്ചു. സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജൻസിയിൽ നിന്ന് തന്നെയാണെന്ന് അബിൻ രാജ് പൊലീസിനോട് സമ്മതിച്ചു.

വ്യാജ ഡിഗ്രി കേസിൽ ഒന്നാം പ്രതി നിഖിൽ തോമസിന് ഡിഗ്രി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയത് അബിൻ സി രാജായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.