പകൽ ഉപയോഗത്തിന് ചാർജ് കുറയും; വൈദ്യുതി നിരക്കിലെ പരിഷ്ക്കരണങ്ങൾ….

തിരുവനന്തപുരം: 2020ലെ ഇലക്ട്രിസിറ്റി ചട്ടങ്ങളിലെ ഭേദഗതിയിലൂടെ, നിലവിലുള്ള പവർ താരിഫ് സമ്പ്രദായത്തിൽ പ്രധാനമായും രണ്ട് പരിഷ്‌ക്കരണങ്ങൾ കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ടൈം ഓഫ് ഡേ (ToD) താരിഫ്, സ്മാർട്ട് മീറ്ററിങ് വ്യവസ്ഥകളിലെ മാറ്റങ്ങൾ എന്നിവയാണ് ഈ പരിഷ്‌ക്കരണങ്ങൾ.

ദിവസത്തിലെ എല്ലാ സമയത്തും ഒരേ നിരക്കിൽ വൈദ്യുതി ഈടാക്കുന്നതിനുപകരം, വൈദ്യുതിക്ക് നൽകുന്ന വില ദിവസത്തിന്റെ സമയത്തിനനുസരിച്ച് വ്യത്യാസപ്പെടുന്ന രീതിയാണ് ടൈം ഓഫ് ഡേ. ഈ താരിഫ് സമ്പ്രദായത്തിന് കീഴിൽ, പകൽ സമയത്ത് വൈദ്യതി ചാർജ് കുറവായിരിക്കും, എന്നാൽ രാത്രിയിൽ ഇത് കൂടുതലായിരിക്കും. 2024 ഏപ്രിൽ 1 മുതൽ 10 കിലോവാട്ടിന് മുകളിലുള്ള വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾക്കും കാർഷിക ഉപഭോക്താക്കൾ ഒഴികെയുള്ള മറ്റെല്ലാ ഉപഭോക്താക്കൾക്കും 2025 ഏപ്രിൽ 1 മുതലും ToD താരിഫ് ബാധകമാകും.

സ്മാർട്ട് മീറ്ററിങ്ങിനുള്ള നിയമങ്ങളും സർക്കാർ ലളിതമാക്കി. ഉപഭോക്താക്കൾക്ക് അസൗകര്യം ഒഴിവാക്കുന്നതിനായി പരമാവധി അനുവദിച്ച ലോഡിനപ്പുറം ഉപഭോക്താവിന്റെ ആവശ്യം വർദ്ധിക്കുന്നതിന് നിലവിലുള്ള പിഴകൾ കുറച്ചു. മീറ്ററിങ് വ്യവസ്ഥയിൽ ഭേദഗതി അനുസരിച്ച് ഒരു സ്മാർട്ട് മീറ്റർ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം, ഇൻസ്റ്റാലേഷൻ തീയതിക്ക് മുമ്പുള്ള കാലയളവിൽ സ്മാർട്ട് മീറ്റർ രേഖപ്പെടുത്തിയ പരമാവധി ഡിമാൻഡിനെ അടിസ്ഥാനമാക്കി ഉപഭോക്താവിന് പിഴ ഈടാക്കില്ല. അനുവദനീയമായ ലോഡ് ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും കവിഞ്ഞെങ്കിൽ മാത്രമേ പരമാവധി ഡിമാൻഡ് മുകളിലേക്ക് പരിഷ്‌കരിക്കൂ എന്ന തരത്തിൽ ലോഡ് റിവിഷൻ നടപടിക്രമങ്ങളിലും മാറ്റം വരുത്തി.