ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സുധാകരന്റെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം അറിയിച്ചു. എസ്എഫ്‌ഐ നേതാക്കൾ ഉൾപ്പെട്ട വ്യാജ രേഖക്കേസ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
സുധാകരനെതിരെ കേസ് നിലവിലുണ്ട്. ഇതിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ടാണ് സുധാകരനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയും കേന്ദ്രസർക്കാരും ചെയ്യുന്നതുപോലെ അന്വേഷണ ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉപയോഗിക്കുന്ന ശൈലിയും സിപിഎമ്മിനില്ല. ഒരു സാഹചര്യത്തിലും സംസ്ഥാന സർക്കാരോ സിപിഎമ്മോ ആരെ അറസ്റ്റ് ചെയ്യണമെന്ന കാര്യത്തിൽ പൊലീസിനു നിർദ്ദേശം നൽകാറില്ല. ദേശീയ തലത്തിലുള്ള പ്രതിപക്ഷ ഐക്യ നീക്കങ്ങളെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
മാധ്യമങ്ങളെ അടിച്ചമർത്തുന്നത് സിപിഎം നയമല്ല. കേന്ദ്രത്തിന്റെ ശൈലിയല്ല സിപിഎമ്മിന്റേത്. ബിജെപിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും പോലെ വ്യക്തികളെ ഉന്നമിട്ടു നീങ്ങാൻ തങ്ങൾ പോലീസിനോട് ആവശ്യപ്പെടാറില്ല. എത്ര പ്രകോപനം സൃഷ്ടിച്ചാലും മാധ്യമങ്ങളെ അടിച്ചമർത്തുന്ന രീതി സിപിഎമ്മിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

