പിണറായി വിജയന്റെ പൊലീസ് കൂലിപ്പട്ടാളമായി മാറി; എംഎസ്എഫ് പ്രവർത്തകരെ പൊലീസ് കൈവിലങ്ങ് അണിയിച്ചതിൽ വിമർശനവുമായി എം കെ മുനീർ

കോഴിക്കോട്: എംഎസ്എഫ് പ്രവർത്തകരെ പൊലീസ് കൈവിലങ്ങ് അണിയിച്ച് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതിൽ പ്രതിഷേധം അറിയിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. വിഷയത്തിൽ സംസ്ഥാന സർക്കാരിനും കേരളാ പോലീസിനുമെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച എംഎസ്എഫ് പ്രവർത്തകരെയാണ് പോലീസ് കൈവിലങ്ങ് അണിയിച്ചത്.

പിണറായി വിജയന്റെ പൊലീസ് കൂലിപ്പട്ടാളമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കടുത്ത അനീതിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യ കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട വിഷയമാണിത്. എസ്എഫ്‌ഐ പ്രവർത്തകർ എന്ത് ചെയ്താലും പരവതാനി വിരിച്ച് സ്വീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദികളെ കൊണ്ടുപോകുന്നതു പോലെയാണ് സമരം ചെയ്ത വിദ്യാർത്ഥികളെ കൊണ്ടുപോകുന്നത്. കൊലക്കുറ്റം ചെയ്തവരെ ഇങ്ങനെ കൊണ്ട് പോവാറുണ്ടോ? പിണറായിയുടെ നാട് ഇപ്പോൾ കേരളമല്ല, അമേരിക്കയാണ്. നാട്ടിലുള്ളവരെ മുഴുവൻ പീഡിപ്പിച്ചശേഷം അമേരിക്കയിൽ പോയി വലിയ തള്ള് നടത്തുകയാണ് പിണറായി. ജനാധിപത്യപരമായ സമരങ്ങളെ നിഷ്‌കരുണം നേരിടുന്ന ഈ പോലീസ് നയം ഇടതു പക്ഷ രാഷ്ട്രീയം തന്നെയാണോ എന്ന് ഇടതു പക്ഷ പ്രവർത്തകർ പോലും ചിന്തിച്ചു പോവും. സമരം ചെയ്ത കുട്ടികളെ കൈ വിലങ്ങു വെക്കാൻ അവരുടെ കയ്യിൽ തട്ടിപ്പിലൂടെ ഉണ്ടാക്കിയ സർട്ടിഫിക്കറ്റും തട്ടിക്കൂട്ട് ഡിഗ്രിയും ഒന്നും അല്ല ഉള്ളത്, അവകാശ സമര പോരാട്ടങ്ങളിൽ നിരന്തരം പൊരുതാനുള്ള ഇച്ഛാ ശക്തിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള പോലീസ് ആയിരം ”വിദ്യകൾ” കാണിച്ചാലും അതിലൊന്നും തളർന്നു പിന്മാറുന്നവരല്ല എം എസ് എഫ് പ്രവർത്തകർ ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാമെന്നു കരുതേണ്ട. അവകാശ സമര വീഥിയിൽ , ഉന്നത വിദ്യാഭ്യാസത്തിനു അർഹത നേടിയ വിദ്യാർത്ഥികൾക്ക് മുഴുവൻ അവസരമൊരുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും എം കെ മുനീർ കൂട്ടിച്ചേർത്തു.