ന്യൂഡൽഹി: പൂർണമായും എഥനോൾ ഉപയോഗിക്കുന്ന പുതിയ വാഹനങ്ങൾ ഉടൻ പുറത്തിറക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പൂർണമായും എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ വാഹനങ്ങളാണ് തങ്ങൾ കൊണ്ടുവരുന്നത്. ബജാജ്, ടിവിഎസ്, ഹീറോ സ്‌കൂട്ടറുകൾ 100 ശതമാനം എഥനോളിൽ പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നാഗ്പൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അടുത്തിടെ ഇലക്ട്രിക് വാഹനം പുറത്തിറക്കിയ മെഴ്‌സിഡസ് ബെൻസ് കമ്പനിയുടെ ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരവും അദ്ദേഹം പങ്കുവെച്ചു. ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ നിർമ്മിക്കൂവെന്ന് മെഴ്‌സിഡസ് ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, ടൊയോട്ട കമ്പനിയുടെ കാംറി കാർ ഓഗസ്റ്റിൽ പുറത്തിറക്കുമെന്നും ഇത് 100 ശതമാനം എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും 40 ശതമാനം വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദമാക്കി. നിങ്ങൾ ഇത് പെട്രോളുമായി താരതമ്യം ചെയ്യുമ്പോൾ എഥനോൾ നിരക്ക് 60 രൂപയും പെട്രോൾ നിരക്ക് ലിറ്ററിന് 120 രൂപയുമാണ്. കൂടാതെ ഇത് 40 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കും. ശരാശരി 15 രൂപയാകും ലിറ്ററിന് ലാഭമുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

