യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം; രാഹുൽ ഗാന്ധിയോട് ആവശ്യം ഉന്നയിക്കാൻ സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടാൻ സംസ്ഥാന നേതൃത്വം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ഇക്കാര്യം ആവശ്യപ്പെടാനാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് ഗ്രൂപ്പ് പ്രവർത്തനത്തിന്റെ ആക്കം കൂട്ടി ഐക്യം തകർക്കുമെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എ ഐ ഗ്രൂപ്പുകളാണ്. എ ഗ്രൂപ്പിലെ രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിലെ അബിൻ വർക്കിയും ശക്തമായ പോരാട്ടം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ ആരംഭിക്കുക 28 മുതലാണ്. തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിൽ നേതൃത്വത്തിന് എതിർപ്പൊന്നും ഇല്ല. എന്നാൽ, ഇതിനിടെയുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളെ നേതൃത്വം വളരെ ഗൗരവത്തോടെ നോക്കിക്കാണുന്നുണ്ട്.

അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റിൽ യൂത്ത് കോൺഗ്രസ് സമരത്തിന് ഇറങ്ങിയില്ലെന്ന രൂക്ഷ വിമർശനം ഉയരുന്നുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിന്റെ പോരിലേക്ക് നീങ്ങിയതിനാലാണ് സമരമുഖത്ത് യൂത്ത് കോൺഗ്രസിന്റെ പ്രാതിനിധ്യം കുറഞ്ഞതെന്നാണ് കണക്കാക്കപ്പെടുന്നത്.