മണിപ്പൂരിലെ കലാപം രാജ്യത്തിന്റെ മനസാക്ഷിയിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചു; സമാധാന സന്ദേശം പങ്കുവെച്ച് സോണിയാ ഗാന്ധി

ന്യൂഡൽഹി: മണിപ്പൂരിലെ ജനതയ്ക്കായി സമാധാന സന്ദേശം പങ്കുവെച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. മണിപ്പൂരിലെ കലാപം രാജ്യത്തിന്റെ മനസാക്ഷിയിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചുവെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി. ആളുകൾ വീട് എന്ന് വിളിക്കുന്ന സ്ഥലത്ത് നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായത് കണ്ടതിൽ തനിക്ക് വളരെ സങ്കടമുണ്ടെന്നും സോണിയാ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സോണിയാ ഗാന്ധിയുടെ പ്രതികരണം.

കലാപത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും താൻ അനുശോചനം രേഖപ്പെടുത്തുന്നു. ആളുകൾ വീടെന്ന് വിളിക്കുന്ന ഒരേയൊരു സ്ഥലത്ത് നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നതും ജീവിതകാലം മുഴുവൻ അവർ നിർമ്മിച്ചതെല്ലാം ഉപേക്ഷിച്ച് ഓടിപ്പോകുന്നതും കാണുമ്പോൾ ഒരുപാട് ദു:ഖമുണ്ട്. സമാധാനപരമായി സഹവസിച്ചിരുന്ന നമ്മുടെ സഹോദരീസഹോദരന്മാർ പരസ്പരം തിരിയുന്നത് കാണുമ്പോൾ സങ്കടമുണ്ടെന്നും ഇത് ഹൃദയഭേദകമായ കാഴ്ച്ചയാണെന്നും സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു.

ഒരു അമ്മയെന്ന നിലയിൽ താൻ നിങ്ങളുടെ വേദന മനസിലാക്കുന്നു. മണിപ്പൂരിലെ ജനങ്ങളിൽ തനിക്ക് പ്രതീക്ഷയും വിശ്വാസവുമുണ്ട്. ഒരുമിച്ച് ഈ അഗ്നിപരീക്ഷയെ മറികടക്കുമെന്ന് തനിക്കറിയമെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.