പ്രതിപക്ഷകക്ഷികളുടെ യോഗത്തിൽ നിന്ന് ബിആർഎസ് വിട്ടുനിൽക്കും; ബിജെപിയോട് അടുക്കുന്നതിന്റെ ഭാഗമെന്ന് റിപ്പോർട്ട്

ഹൈദരാബാദ്: വെള്ളിയാഴ്ച പട്നയിൽ നടക്കാനിരിക്കുന്ന പ്രതിപക്ഷകക്ഷികളുടെ യോഗത്തിൽ നിന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ബി.ആർ.എസ്. വിട്ടുനിൽക്കും. ബിജെപിയോട് അടുക്കുന്നതിന്റെ ഭാഗമായാണ് ബിആർഎസിന്റെ നടപടിയെന്നാണ് റിപ്പോർട്ട്. തെലങ്കാനയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ബിജെപിയോടുള്ള നിലപാട് മയപ്പെടുത്തിയതെന്നാണ് വിവരം.

ബിആർഎസിനെ ബിജെപിയുടെ ബി ടീമെന്ന് എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ നേരത്തെ വിമർശിച്ചിരുന്നു. ചന്ദ്രശേഖർ റാവുവിന്റെ മകളും ബി.ആർ.എസ്. എം.എൽ.സിയുമായ കെ. കവിത ഡൽഹി മദ്യനയ അഴിമതി കേസിൽ പ്രതിയാണ്. ഇതും പ്രതിപക്ഷ ഐക്യത്തിൽ നിന്നും മാറി ചിന്തിക്കാൻ ചന്ദ്രശേഖർ റാവുവിനെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന സൂചനയും വരുന്നുണ്ട്. എന്നാൽ ഇത് നേരത്തേ പ്രതീക്ഷിച്ചതുതന്നെയാണെന്ന് ഒരുവിഭാഗം രാഷ്ട്രീയനിരീക്ഷകൾ വ്യക്തമാക്കുന്നു.

മോദി വിരുദ്ധ കോൺഗ്രസ് രഹിത സഖ്യത്തിന് പലതവണ കെ ചന്ദ്രശേഖർ റാവു ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മാൻ, എം.കെ. സ്റ്റാലിൻ, മമത ബാനർജി എന്നിവരുമായും പ്രതിപക്ഷത്തെ മറ്റ് പ്രധാനനേതാക്കളായ അഖിലേഷ് യാദവ്, ഉദ്ദവ് താക്കറെ എന്നിവരുമായും കെ സി ആർ. ചർച്ച നടത്തിയിരുന്നു. ബിജെപി വിരുദ്ധ- കോൺഗ്രസ് മുക്ത സഖ്യങ്ങൾക്കായിരുന്നു ശ്രമമെങ്കിലും സ്റ്റാലിൻ അടക്കമുള്ളവർ ഇത് സാധ്യമല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.