വോട്ടിങ് ശതമാന ആരോപണം: ഖാർഗെയ്ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ‘ഇന്ത്യ’ മുന്നണിയിലെ നേതാക്കൾക്കയച്ച കത്തിനുനേരേ രൂക്ഷവിമർശനവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടിങ് ശതമാനത്തിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാർഗെ ഇന്ത്യ മുന്നണിയിലെ നേതാക്കൾക്ക് കത്തയച്ചത്. തിരഞ്ഞെടുപ്പുവേളയിൽ തെറ്റായ രാഷ്ട്രീയ ആഖ്യാനത്തിനാണ് ഖാർഗെ ശ്രമിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിമർശനം.

ഇത്തരം ആരോപണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഖാർഗെയ്ക്കയച്ച കത്തിൽ ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിലെയും രണ്ടാംഘട്ടത്തിലെയും അന്തിമ വോട്ടിങ് ശതമാനം വൈകുന്നതിൽ ഖാർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കമ്മിഷനുനേരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ശതമാനം വൈകി പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ഖാർഗെ ഇന്ത്യ മുന്നണി നേതാക്കൾക്കയച്ച കത്തിൽ ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് കമ്മിഷനെന്ന വിമർശനം നടത്തിയിരുന്നു.

വോട്ടിങ് ശതമാനത്തിലുള്ള വ്യത്യാസം ക്രമക്കേടിനു കാരണമാവുമെന്നും ഖാർഗെ പറഞ്ഞിരുന്നു.ഇതിനെതിരേയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാൻ ഇത്തരം പരാമർശങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് സീനിയർ പ്രിൻസിപ്പൽ സെക്രട്ടറി ഖാർഗെയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.