ട്രെയിനുകളിൽ പരിഷ്കരണം വരുത്താൻ ദക്ഷിണ റെയിൽവേ; ഓരോ സ്ലീപ്പർ കോച്ച് ഒഴിവാക്കി പകരം എസി ത്രീ ടയർ കോച്ച് ഘടിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: കേരളത്തിലോടുന്ന ട്രെയിനുകളിൽ സെപ്തംബർ മാസത്തോടെ ഓരോ സ്ലീപ്പർ കോച്ച് ഒഴിവാക്കി പകരം എസി ത്രീ ടയർ കോച്ച് ഘടിപ്പിക്കാൻ തീരുമാനം. ദക്ഷിണ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്. മംഗളൂരു-തിരുവനന്തപുരം മലബാർ എക്‌സ്പ്രസ് (16629/30), മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603/604), മംഗളൂരു-ചെന്നൈ മെയിൽ (12601/02), മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ് (22637/38) തുടങ്ങിയ ട്രെയിനുകളിലാണ് പരിഷ്‌ക്കരണം വരുത്തുന്നത്.

മാവേലി എക്‌സ്പ്രസിൽ സെപ്തംബർ 11നും മംഗളൂർ മെയിലിൽ 13നും വെസ്റ്റ് കോസ്റ്റ് എക്‌സ്പ്‌സിൽ 14നും മലബാറിൽ 17നും മാറ്റം പ്രാബല്യത്തിൽ വരും. ഇതോടുകൂടി ഈ ട്രെയിനുകളിൽ ഒരു എ.സി ഫസ്റ്റ്ക്ലാസ് കം ടു ടയർ കോച്ചും രണ്ട് ടു ടയർ എ.സി കോച്ചും അഞ്ച് ത്രീ ടയർ എ.സി കോച്ചുമുണ്ടാകും.

സ്ലീപ്പർ കോച്ചുകളുടെ എണ്ണം ഒമ്പതായി കുറയുകയും ചെയ്യും. ജനറൽ കോച്ചുകളുടെ എണ്ണം അഞ്ചായും ഭിന്നശേഷിസൗഹൃദ കോച്ചുകളുടെ എണ്ണം രണ്ടായും തുടരും. അതേസമയം, തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസിൽ (16347/48) ജൂലായ് 25 മുതൽ ഒരു ജനറൽകോച്ച് കുറച്ച് എ.സി കോച്ച് കൂട്ടുമെന്ന് അറിയിച്ചിരുന്നു.

ഘട്ടംഘട്ടമായി എല്ലാ ട്രെയിനുകളിലും സ്ലീപ്പർ കോച്ചിന്റെയും ജനറൽ കോച്ചിന്റെയും എണ്ണം കുറച്ച് എ.സി കോച്ചുകളുടെ എണ്ണം കൂട്ടുന്നതാണ് റെയിൽവേയുടെ പുതിയ നയം.