തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൻ പീഡിപ്പിക്കുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. സുധാകരനെ ചോദ്യംചെയ്യുമെന്ന് ക്രൈംബാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പോക്സോ കേസിലും സുധാകരനെ ചോദ്യംചെയ്യേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. ആ സമയത്ത് സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ മൊഴിയുണ്ടെന്ന് അവർ പറഞ്ഞു. ആ കേസിലാണ് മോൻസൻ മാവുങ്കലിനെ ശിക്ഷിച്ചത്. സ്വാഭാവികമായും കേസിലെ രണ്ടാംപ്രതിയായ സുധാകരൻ വേറെ എന്തെല്ലാം വിശദീകരണം നൽകിയിട്ടും എന്താണ് കാര്യമെന്ന് അദ്ദേഹം ചോദിക്കുന്നു.
കള്ളക്കേസിൽ ആരേയും കുടുക്കണമെന്ന് സിപിഎമ്മിന് താത്പര്യമില്ല. ആർക്കെതിരേയും കേസെടുക്കാൻ തങ്ങൾ നിർദേശിച്ചിട്ടില്ല. ഒരാൾക്കെതിരേയും കേസെടുക്കണമെന്ന് നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

