കർണാടകയിൽ തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്റികളും നടപ്പാക്കും; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

ബംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്റികളും നടപ്പാക്കുമെന്ന് ഉറപ്പു നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മന്ത്രിസഭായോഗത്തിനു ശേഷമാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗൃഹജ്യോതി പദ്ധതിയാണ് ഗ്യാരന്റി 1. ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങൾക്കും നൽകുമെന്നാണ് പ്രഖ്യാപനം. ജൂലൈ 1 മുതൽ വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങും. 199 യൂണിറ്റ് വരെ മാത്രം ഉപയോഗിച്ചവർക്ക് ബില്ലുണ്ടാകില്ല.

ഗൃഹലക്ഷ്മി പദ്ധതിയാണ് ഗ്യാരന്റി 2. തൊഴിൽ രഹിതരായ എല്ലാ വീട്ടമ്മമാർക്കും 2000 രൂപ വീതം നൽകും. ഇതിനായി അപേക്ഷ നൽകണം. ആധാർ കാർഡും അക്കൗണ്ട് നമ്പറും സമർപ്പിക്കണം. ഓൺലൈനായും അപേക്ഷ നൽകാം. സമയം ജൂലൈ 10 വരെ. ഓഗസ്റ്റ് മുതൽ ധനസഹായം എത്തിത്തുടങ്ങും. ഓഗസ്റ്റ് 15-ന് ആദ്യഗഡു ധനസഹായം വീട്ടമ്മമാർക്ക് എത്തും. ഇതിൽ ബിപിഎൽ – എപിഎൽ ഭേദമില്ല. തൊഴിൽരഹിതരായ എല്ലാ ഗൃഹനാഥമാർക്കുമാണ് ധനസഹായം ലഭിക്കുക. വിധവ പെൻഷനോ, വാർധക്യ പെൻഷനോ വാങ്ങുന്നവർക്ക് ധനസഹായം നിഷേധിക്കില്ല. എല്ലാ വിഭാഗങ്ങളിലെയും, മറ്റ് സഹായം ലഭിക്കുന്ന സ്ത്രീകൾക്കും ധനസഹായം കിട്ടും.

അന്നഭാഗ്യ പദ്ധതിയാണ് ഗ്യാരന്റി 3. 10 കിലോ ആഹാരധാന്യം ബിപിഎൽ കുടുംബങ്ങൾക്കും അന്ത്യോദയ കാർഡ് ഉടമകൾക്കും ജൂലൈ 1 മുതൽ വിതരണം തുടങ്ങുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശക്തി പദ്ധതിയാണ് ഗ്യാരന്റി 4. എല്ലാ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമുൾപ്പടെ സൗജന്യ കർണാടക ആർടിസി ബസ് യാത്ര. ജൂൺ 11 മുതൽ തുടങ്ങും. സംസ്ഥാനാന്തര യാത്രകൾക്ക് ബാധകമല്ല. രാജഹംസ അടക്കമുള്ള എസി ബസ്സുകളിലടക്കം ഈ ആനുകൂല്യം ലഭിക്കും. പക്ഷേ സ്ലീപ്പർ ബസ്സുകളിൽ ഈ ആനുകൂല്യമുണ്ടാകില്ല. ബിഎംടിസി ബസ്സുകളിലും കർണാടക ആർടിസി ബസ്സുകളിലും ഈ ആനുകൂല്യമുണ്ടാകും. കർണാടക ആർടിസി ബസ്സുകളിൽ 50% സ്ത്രീസംവരണം നടപ്പാക്കും. ബിഎംടിസി ബസ്സുകളിൽ ഉണ്ടാകില്ല.