സമുദ്രജലത്തില്‍ നിന്നും ഹൈഡ്രജന്‍ ഇന്ധനം; കണ്ടെത്തലുമായി ഗവേഷകര്‍

സമുദ്രജലത്തില്‍ നിന്നും ഹൈഡ്രജന്‍ ഇന്ധനം നിര്‍മിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. സാധാരണ ശുദ്ധജലത്തില്‍ നിന്നും ഉപ്പ് വേര്‍തിരിച്ച വെള്ളത്തില്‍ നിന്നുമാണ് ഹൈഡ്രജന്‍ ഇന്ധനം നിര്‍മിക്കുന്നത്. എന്നാല്‍, പ്രത്യേക ഫില്‍റ്റര്‍ സംവിധാനം വഴി സമുദ്രജലത്തില്‍ നിന്ന് ഹൈഡ്രജനെ വേര്‍തിരിച്ചെടുക്കാനാകുമെന്നാണ് ഗവേഷകരുടെ വാദം.

ഫണല്‍ സിസ്റ്റത്തിലേക്ക് കടത്തിവിടുന്ന സമുദ്രജലം ഒരു ഡബിള്‍-മെംബ്രേന്‍ ഫില്‍ട്ടര്‍ സിസ്റ്റത്തിലേക്ക് എത്തുന്നു. വൈദ്യുതിയുടെ സഹായത്തോടെ അവിടെ നിന്നും ഹൈഡ്രജനെ വേര്‍തിരിച്ചെടുക്കുന്നു. ഹൈഡ്രജന്‍ നിര്‍മാണത്തിനിടെ പ്രകൃതിക്ക് ദോഷകരമാകുന്ന മറ്റൊരു ഉപഉല്‍പന്നങ്ങളും ഉണ്ടാകില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. കാര്‍ബണിന്റെ അംശം കുറഞ്ഞ ഈ ഹൈഡ്രജന്‍ ഇന്ധനം വാഹനങ്ങളില്‍ ഉപയോഗിക്കാം. ദീര്‍ഘകാലം സൂക്ഷിച്ചുവയ്ക്കാനും സാധിക്കും.

എസ്എല്‍എസി നാഷനല്‍ ആക്‌സിലറേറ്റര്‍ ലബോറട്ടറി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ഒറിഗോണ്‍ യൂണിവേഴ്‌സിറ്റി, മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് ഹൈഡ്രജന്‍ ഇന്ധനം നിര്‍മിക്കുന്ന ഉപകരണം രൂപകല്‍പന ചെയ്തത്.