100 മീറ്റര്‍ അകലെ ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ കേന്ദ്രം; കണ്ണൂര്‍ നഗരം രക്ഷപ്പെട്ടത് തലനാരിഴക്ക്

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ എട്ടാം നമ്പര്‍ റെയില്‍ ട്രാക്കില്‍ എക്സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ബോഗിക്ക് തീവെച്ച സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി സംസ്ഥാന പൊലിസിനോടും റെയില്‍വേ അധികൃതരോടും റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍ നഗരം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

മൂന്ന് ബോഗികളിലാണ് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി വരുന്നത്. ഉന്നത റെയില്‍വെ അധികൃതര്‍ സ്ഥലത്തെത്തി ക്യാംപ് ചെയ്യുന്നുണ്ട്. എക്സിക്യൂട്ടീവിന്റെ ബോഗിയുടെ ഗ്ളാസ് തകര്‍ത്ത അജ്ഞാതന്‍ ടോയ് ലെറ്റില്‍ ഉപേക്ഷിച്ച കല്ലുകള്‍ കണ്ടെത്തി. പ്രതിക്കായി കണ്ണൂരും തൊട്ടടുത്ത റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സും പൊലിസും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്നാണ് സൂചന. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ തീപിടിച്ച കോച്ചില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെ ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതതിനാല്‍ അന്വേഷണ ഏജന്‍സികള്‍ അട്ടിമറി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. തീപിടിക്കുന്നതിന് തൊട്ടുമുന്‍പായി കാനുമായി ബോഗിയിലേക്ക് ഒരാള്‍ കയറുന്ന ബിപിസിഎല്‍ ഇന്ധനസംഭരണശാലയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കത്തിയ കോച്ചിന്റെ ശുചിമുറിയോട് ചേര്‍ന്നുള്ള ചില്ല് തകര്‍ത്ത്, അതുവഴിയാകാം കോച്ചിന് തീയിടാന്‍ ഇന്ധനം ഒഴിച്ചതെന്ന നിഗമനത്തിലാണ് നിലവില്‍ അന്വേഷണ സംഘം.

അതേസമയം, ട്രെയിന്‍ അട്ടിമറി സംശയിക്കുന്ന സാഹചര്യത്തില്‍ സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് സംസ്ഥാന- റെയില്‍വേ പൊലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് നിലവില്‍ എന്‍ഐഎ യാണ് അന്വേഷിക്കുന്നത്. ആ സാഹചര്യം കൂടി മുന്‍ നിര്‍ത്തിയാണ് വിവരശേഖരണം നടത്തുന്നത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ്കണ്ണൂര്‍ എക്സ്‌ക്യൂട്ടീവ് എക്‌സ്പ്രസില്‍ തീപിടുത്തമുണ്ടായത്. ഒരു ബോഗി പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

ദൃക്‌സാക്ഷിയുടെ വാക്കുകള്‍

ഒന്നേകാലിനാണ് തീ കണ്ടത്. മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതുകയായിരുന്നു. പാര്‍സല്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു അവിടെ. പുകയുണ്ടെന്ന് പറഞ്ഞ് അവര്‍ പോയി നോക്കി. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് കണ്ടെത്തിയത്. ഉടന്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും സൈറന്‍ മുഴക്കി. പതിനഞ്ചു മിനിറ്റോടെ തീ ആളിപ്പടര്‍ന്നു. ആദ്യം ബാത്ത്റൂമിന്റെ സൈഡിലാണ് തീ കണ്ടത്. പിന്നീട് മുഴുവനായി കത്തുകയായിരുന്നു.