കൊച്ചി: ബ്രഹ്മപുരത്ത് ബയോമൈനിങ് ഏറ്റെടുത്ത സോൺട ഇൻഫ്രാ ടെക്കുമായുള്ള എല്ലാ കരാറും കൊച്ചി കോർപ്പറേഷൻ റദ്ദാക്കി. കമ്പനിയുടെ ഭാഗത്തു നിന്നുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടി കോർപ്പറേഷൻ നൽകിയ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലാത്തതിനാലാണ് കരാർ റദ്ദാക്കാൻ തീരുമാനിച്ചത്.
സോൺടയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്നാണ് മേയർ എം. അനിൽകുമാർ വ്യക്തമാക്കിയിട്ടുള്ളത്. ജൂൺ ഒന്നു മുതൽ കരാർ പുതിയ കമ്പനിക്കായിരിക്കും. ബയോമൈനിങ് മുതലുള്ള കാര്യങ്ങളിൽ സോൺടയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ കൊച്ചി കോർപ്പറേഷൻ സമയാസമയം നോട്ടീസ് നൽകി കമ്പനിയെ അറിയിച്ചിട്ടുണ്ട്. എല്ലാതരത്തിലുമുള്ള നിയമോപദേശം തേടിയശേഷം കോർപ്പറേഷന്റെ വാദഗതികൾക്ക് കഴമ്പുണ്ട് എന്ന് കണ്ടെത്തിയാണ് നോട്ടീസ് നൽകാൻ അവകാശമുണ്ടെന്ന് സർക്കാർ അറിയിച്ചത്.
സോൺട വിശദീകരണം നൽകിയത് നോട്ടീസിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ്. ആ വിശദീകരണം കൗൺസിലിൽ വെച്ചുവെന്നും അത് തനിക്ക് സ്വീകാര്യമില്ലെന്ന് യോഗത്തിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നുവെന്നും അനിൽ കുമാർ അറിയിച്ചു. കമ്പനിയുടെ വിശദീകരണം ആർക്കും സ്വീകര്യമല്ലാത്തതിനാൽ ഏകകണ്ഠമായി സോൺടയുമായുള്ള കരാറുകൾ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

