സംസ്ഥാനത്ത് നോ ടുബാക്കോ ക്ലിനിക്കുകൾ ആരംഭിക്കും: വീണാ ജോർജ്

തിരുവനന്തപുരം: പുകയിലയ്ക്ക് എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ‘നോ ടുബാക്കോ ക്ലിനിക്കുകൾ’ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ക്ലിനിക്കുകളിലൂടെ പുകയിലയുടെ ഉപയോഗം നിർത്തുന്നതിനായി കൗൺസിലിംഗും പ്രത്യക ചികിത്സയും ഉറപ്പ് വരുത്തും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ടുബാക്കോ ഫ്രീ കാമ്പസുകളാക്കാനുള്ള പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പ് പങ്കാളിയാകുമെന്നും മന്ത്രി വ്യക്തമാക്കി. ലോക പുകയില വിരുദ്ധദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്ത് ഓരോ വർഷവും 8 മുതൽ 10 ലക്ഷം പേരുടെ മരണത്തിനും അനേകം മാരക രോഗങ്ങൾക്കും കാരണമാകുന്ന പുകയില ഉപയോഗത്തിനെതിരെ ജനകീയ ഇടപെടലുകളും ബോധവൽക്കരണവും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന 1988 മുതൽ ‘മേയ് 31’ ലോക പുകയില വിരുദ്ധ ദിനമായി ആചരിച്ച് വരുന്നത്. ‘ഭക്ഷണമാണ് വേണ്ടത് പുകയില അല്ല’ എന്നതാണ് ഈ വർഷത്തെ സന്ദേശം. ഭക്ഷ്യോത്പ്പാദനത്തിനും ഭക്ഷ്യലഭ്യതയ്ക്കും മുൻതൂക്കം നൽകി പുകയിലയുടെ കൃഷിയും ലഭ്യതയും കുറയ്ക്കുക എന്നതാണ് ഈ സന്ദേശം മുന്നോട്ടു വയ്ക്കുന്നതെന്ന് വീണാ ജോർജ് പറഞ്ഞു.