‘ന്യായമായ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്തിനാണ് നക്കാപ്പിച്ച വാങ്ങുന്നത്?’: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍.

‘ന്യായമായ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്തിനാണ് നക്കാപ്പിച്ച വാങ്ങുന്നത്? ഇങ്ങനെ വാങ്ങുന്ന പണം ഗുണം ചെയ്യില്ല. കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന പണമേ ഉപകരിക്കൂ. മടിയില്‍ കനമില്ലാത്തവന് ഒരു വിജിലന്‍സിനേയും പേടിക്കേണ്ട. നമ്മുടെ നാട്ടില്‍ ഭൂരിപക്ഷവും ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരാണ്. എന്നാല്‍, ചിലര്‍ക്ക് പണം ഉണ്ടാക്കാന്‍ ഭയങ്കര ആവേശമാണ്. ചിലര്‍ പൈസയ്ക്ക് വേണ്ടി മരിക്കുകയാണ്. ന്യായമായ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പിന്നെ എന്തിനാണ് ഈ നക്കാപ്പിച്ച വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്നവരുടെ തലമുറകള്‍ ഗതി പിടിക്കാതെ പോകും. കഷ്ടപ്പാടുകളിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിച്ച തലമുറകള്‍ മാത്രം രക്ഷപ്പെട്ടതാണ് മനുഷ്യചരിത്രം. ഇവര്‍ ഒന്നുമല്ലാതെ ഈ ലോകത്ത് നിന്നും പോകും’- മന്ത്രി പറഞ്ഞു.

അതേസമയം, എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. ‘അത്തരമൊരു ഉദ്യോഗസ്ഥനെയാണ് പാലക്കാട് പിടികൂടിയത്. അഴിമതി ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാനാവില്ല. എല്ലാ ജീവനക്കാരും അഴിമതിക്കാരല്ല. മഹാഭൂരിഭാഗവും സംശുദ്ധരായി സര്‍വീസ് ജീവിതം നയിക്കുന്നവരാണ്. പക്ഷെ ഒരു വിഭാഗം കൈക്കൂലി രുചി അറിഞ്ഞവരാണ്. ആ രുചിയില്‍ നിന്നും അവര്‍ മാറുന്നില്ല. അത്തരത്തിലൊരാളായ വില്ലേജ് അസിസ്റ്റന്റാണ് വിജിലന്‍സിന്റെ പിടിയിലായത്. പാലക്കാട്ടെ കൈക്കൂലി വകുപ്പിനും നാടിനും നാണക്കേടുണ്ടാക്കുന്നതാണ്’- അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.