തമിഴ് ജനതയുടെ കരുത്തിന്റെ പ്രതീകമാണ് ചെങ്കോൽ; നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് രജനീകാന്ത്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് സൂപ്പർസ്റ്റാർ രജനീകാന്ത്. ബ്രിട്ടനിൽ നിന്ന് സ്വതന്ത്ര ഇന്ത്യയ്ക്ക് അധികാരം കൈമാറുന്നതിന്റെ പ്രതീകമായി ജവഹർലാൽ നെഹ്‌റു ഏറ്റുവാങ്ങിയ സ്വർണച്ചെങ്കോൽ പുതിയ പാർലമെന്റിൽ സ്ഥാപിച്ചതിനാണ് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തമിഴ് ജനതയുടെ കരുത്തിന്റെ പ്രതീകമാണ് ചെങ്കോൽ എന്ന് രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു. തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോൽ ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ തിളങ്ങും. തമിഴർക്ക് അഭിമാനം സമ്മാനിച്ച ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മാർത്ഥമായി നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘം പ്രധാനമന്ത്രിയ്ക്ക് ചെങ്കോൽ കൈമാറിയിരുന്നു. നെഹ്‌റുവിന്റെ വസതിയായിരുന്ന അലഹബാദിലെ ദേശീയ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ചെങ്കോലാണ് പൂജാരിമാരുടെ സംഘം പ്രധാനമന്ത്രിയെ ഏൽപ്പിച്ചത്.

അതേസമയം, പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. പുതിയ മന്ദിരത്തിനു പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ ഹോമം നടത്തി. പൂർണകുംഭം നൽകിയാണ് പുരോഹിതർ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി. പുതിയ ചെങ്കോലിനു മുന്നിൽ നമസ്‌കരിച്ചതിനു ശേഷം ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. ശേഷം ലോക്സഭയിൽ നിലവിളക്ക് തെളിയിച്ചു. ഉദ്ഘാടന ഫലകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.