ന്യൂഡൽഹി: ഉത്തരകൊറിയയിൽ ബൈബിൾ കൈവശം സൂക്ഷിച്ചതിന് പിടിയിലായ ക്രിസ്തുമതവിശ്വാസികൾക്ക് വധശിക്ഷയെന്ന് റിപ്പോർട്ട്. കുട്ടികളുൾപ്പെടെയുള്ള ഇവരുടെ കുടുബാംഗങ്ങൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മറ്റ് മതവിശ്വാസികൾക്കൊപ്പം ഏകദേശം 70,000 ക്രിസ്ത്യാനികൾ ഉത്തര കൊറിയയിൽ തടവിൽ കഴിയുകയാണെന്ന് 2022 ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം ആരോപിപിച്ചിരിക്കുന്നത്.
അതേസമയം, മതപരമായ ആചാരങ്ങൾ പിന്തുടരുന്ന വ്യക്തികളെയും മതചിഹ്നങ്ങൾ കൈവശം സൂക്ഷിക്കുന്നവരേയും മതപുരോഹിതൻമാരുമായി ബന്ധപ്പെടുന്നവരേയും മതവിശ്വാസം പ്രചരിപ്പിക്കുന്നവരേയും ഉത്തര കൊറിയൻ ഭരണകൂടം വേട്ടയാടുകയാണെന്നാണ് കൊറിയ ഫ്യൂച്ചർ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലെ ആരോപണം. അറസ്റ്റ്, തടവ്ശിക്ഷ, നിർബന്ധിത തൊഴിൽ, പീഡനം, വിചാരണ, ജീവിക്കാനുള്ള അവകാശം എന്നിവ നിഷേധിക്കുക, ലൈംഗികാതിക്രമത്തിനിരയാക്കുക എന്നിവയും മതവിശ്വാസികൾക്ക് അനുഭവിക്കേണ്ടിവരുന്നുണ്ട്.
2009-ൽ ബൈബിളുമായി മാതാപിതാക്കളെ പിടികൂടിയതിന്റെ പേരിൽ അവരുടെ രണ്ട് വയസ് പ്രായമുള്ള കുട്ടിയെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. മാതാപിതാക്കളേയും കുട്ടിയേയും രാഷ്ട്രീയ തടങ്കൽ ക്യാമ്പിലാണ് പാർപ്പിച്ചിട്ടുള്ളത്. ഇത്തരം ക്യാമ്പുകളിൽ കഴിയാൻ വിധിക്കപ്പെടുന്ന ക്രിസ്തുമത വിശ്വാസികൾ ശാരീരികമായും മാനസികമായും അതികഠിനമായ പീഡനങ്ങൾക്കിരയാകുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

