നീതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ നിന്നും വിട്ട് നിന്നത് ഒന്‍പത് മുഖ്യമന്ത്രിമാര്‍; പ്രത്യേക കാരണം അറിയിക്കാതെ പിണറായി വിജയന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ വികസിത് ഭാരത് @ 2047 എന്ന പ്രമേയത്തില്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തിലെ പുതിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന നീതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ നിന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു (കെസിആര്‍), ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ എന്നിവര്‍ വിട്ടുനിന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍, ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, പ്രത്യേക കാരണങ്ങള്‍ ഒന്നും അറിയിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നത്. എന്നാല്‍, യോഗത്തില്‍ പങ്കെടുക്കാത്തതിന് അശോക് ഗെലോട്ട് ആരോഗ്യപരമായ കാരണങ്ങളാണ് അറിയിച്ചത്. ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിക്കുന്നതായി കേജ്രിവാള്‍ വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പഞ്ചാബിന്റെ താല്‍പര്യങ്ങള്‍ കേന്ദ്രം ശ്രദ്ധിക്കുന്നില്ലെന്നും അതിനാലാണ് യോഗം ബഹിഷ്‌കരിക്കുന്നതെന്നും ഭഗവന്ത് മാനും കേന്ദ്രത്തെ അറിയിച്ചിരുന്നു. സിംഗപ്പൂരിലും ജപ്പാനിലും സന്ദര്‍ശനം നടത്തുന്നതിനാല്‍ എം.കെ.സ്റ്റാലിനും മുന്‍ നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ നിതീഷ് കുമാറും യോഗത്തില്‍ നിന്നു വിട്ടുനിന്നെന്നാണ് വിവരം. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദില്‍ കേജ്രിവാളുമായി കൂടിക്കാഴ്ചയുള്ളതിനാലാണ് കെസിആര്‍ യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, മുഖ്യമന്ത്രിമാര്‍ നിതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്നത് സംസ്ഥാനത്തിന്റെ വികസനം ബഹിഷ്‌കരിക്കുന്നതിന് തുല്യമാണെന്നും, ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ നൂറിലധികം സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പങ്കെടുക്കാത്ത സംസ്ഥാനങ്ങള്‍ക്ക് അത് നഷ്ടമാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.