രാഹുൽ ഗാന്ധിയ്ക്ക് സാധാരണ പാസ്പോർട്ട് ലഭിക്കും; ഹർജി അംഗീകരിച്ച് കോടതി

ന്യൂഡൽഹി: രാഹുൽഗാന്ധിയുടെ ഹർജി അംഗീകരിച്ച് കോടതി. പുതിയ പാസ്പോർട്ടുമായി ബന്ധപ്പെട്ട ആവശ്യമുന്നയിച്ച് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയാണ് ഡൽഹി കോടതി അംഗീകരിച്ചത്. പാസ്പോർട്ട് അനുവദിക്കാൻ എതിർപ്പില്ലാ രേഖ (എൻ.ഒ.സി.) നൽകണമെന്ന ആവശ്യത്തിന് കോടതി അംഗീകാരം നൽകി. മൂന്ന് വർഷത്തേക്കാണ് അഡീഷണൽ ചീഫ് മെട്രോ പോളിറ്റൻ മജിസ്ട്രേറ്റ് വൈഭവ് മേത്ത എൻ.ഒ.സിയ്ക്ക് അംഗീകാരം നൽകിയത്. അപകീർത്തി കേസിൽ എം പി സ്ഥാനത്തു നിന്ന് അയോഗ്യനായതോടെ രാഹുൽ ഗാന്ധി ഡിപ്ലോമാറ്റിക് പാസ്പോർട്ട് തിരിച്ചേൽപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് രാഹുൽ സാധാരണ പാസ്പോർട്ടിന് അപേക്ഷ നൽകിയത്. പത്തു വർഷത്തേക്കായിരുന്നു എൻ.ഒ.സിക്ക് അനുമതി തേടിയത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മൂന്ന് വർഷം കഴിയുമ്പോൾ എൻഒസിക്ക് രാഹുൽ കോടതിയെ സമീപിക്കേണ്ടിവരും. നാഷണൽ ഹെറാൾഡ് കേസിൽ പ്രതിയായതിനാലാണ് രാഹുൽ എൻ.ഒ.സി. തേടിയത്.