വന്ദേഭാരതിന്റെ സമയക്രമത്തിൽ മാറ്റം; വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: വന്ദേഭാരതിന്റെ സമയക്രമത്തിൽ മാറ്റം. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തിലാണ് മാറ്റം വരുത്തുന്നത്. മെയ് 19 മുതലുള്ള സർവ്വീസുകളിലാണ് പുതിയ സമയക്രമം ബാധകമാക്കിയിരിക്കുന്നതെന്ന് ദക്ഷിണ റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. തിരുവന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് പോകുന്ന വന്ദേഭാരത് ട്രെയിനിന്റെ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലുമാണ് മാറ്റം വരുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

രാവിലെ 6.04നായിരുന്നു കാസർകോട്ടേക്കുള്ള വന്ദേഭാരത് എക്‌സപ്രസ് കൊല്ലത്ത് എത്തിച്ചേരുന്നത്. മെയ് 19 മുതൽ 6.07 നാണ് ട്രെയിൻ ഇവിടെ എത്തിച്ചേരുക. 6.10 നാണ് ട്രെയിൻ ഇവിടെ നിന്ന് പുറപ്പെടുക. ഇനി മുതൽ കോട്ടയത്ത് 7.25ന് പകരം 7.24നാണ് വന്ദേഭാരത് എത്തുക. 7.27ന് കോട്ടയത്ത് നിന്ന് പുറപ്പെടും.

നിലവിലെ സമയത്തിലും എട്ട് മിനിട്ട് വൈകിയാകും എറണാകുളത്ത് ട്രെയിൻ എത്തിച്ചേരുക. ഇപ്പോൾ 8.17 നാണ് വന്ദേഭാരത് എറണാകുളത്ത് എത്തുക. മെയ് 19 മുതൽ ട്രെയിൻ 8.25നായിരിക്കും എത്തുന്നത്. തൃശൂരിൽ 9.22 നായിരുന്നു ട്രെയിൻ എത്തിച്ചേർന്നിരുന്നത്. എന്നാൽ ഇനി ട്രെയിൻ തൃശൂരിൽ എത്തുക 9.30നാണ്. അതേസമയം, ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിലും കാസർകോട് എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ടായിരിക്കില്ല.