ഇസ്ലാമാബാദ്: അഴിമതിക്കേസിൽ അറസ്റ്റിലായ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജാമ്യം അനുവദിച്ചു. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് ഇമ്രാന് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചത്തേക്കാണ് ജാമ്യം. അറസ്റ്റിലായ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇമ്രാൻ ഖാന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത രീതിയിൽ കോടതി അതൃപ്തി പ്രകടമാക്കി. ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ കലാപാന്തരീക്ഷം ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ലഭിച്ച വിദേശ ഉപഹാരങ്ങൾ തോഷാഖാന വകുപ്പിൽ നിന്ന് നിയമപ്രകാരമുള്ള ഇളവനുസരിച്ച് വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും ഇത് ആദായനികുതി റിട്ടേണിൽ നിന്നും ഇലക്ഷൻ കമ്മീഷനിൽ നിന്നും മറച്ചുവച്ചെന്നുമാണ് ഇമ്രാനെതിരെയുള്ള കേസ്.
അതേസമയം, ഇമ്രാൻ ഖാനെതിരെ 60 ലധികം കേസുകളാണ് പാകിസ്ഥാനിലുള്ളത്. ഈ കേസുകളിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹർജി പരിഗണിക്കവേ ഇസ്ലാമാബാദ് ഹൈക്കോടതി ഹാജരാകുന്നതിനിടെയാണ് ഇമ്രാൻ ഖാൻ അറസ്റ്റിലായത്.

