ജലസുരക്ഷയ്ക്ക് ചില മാർഗങ്ങൾ; മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്….

ഓരോ വേനലവധിക്കാലവും പേടിയുടെ കാലം കൂടിയാണ്. വേനലവധിക്കാലത്താണ് മുങ്ങിമരണങ്ങൾ കൂടുതലായും സംഭവിക്കുന്നതെന്നാണ് ദുരന്ത നിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി പറയുന്നത്. ഒന്നും രണ്ടും മൂന്നുമായി കുട്ടികളുടെ മുങ്ങിമരണങ്ങളുടെ റിപ്പോർട്ടുകൾ വന്നു തുടങ്ങും. ഈ വേനലവധി അവസാനിക്കുന്നതിന് മുൻപേ ഇരുന്നൂറോളം ആളുകൾ മുങ്ങി മരിച്ചിരിക്കും, അതിൽ കൂടുതലും കുട്ടികൾ ആയിരിക്കും. അവധി ആഘോഷിക്കാൻ കൂട്ട് കൂടി പോകുന്നവർ, ബന്ധു വീട്ടിൽ പോകുന്നവർ അടുത്ത വീട്ടിലെ കുളത്തിൽ പോകുന്നവർ എന്നിങ്ങനെ. നൂറിലധികം കുടുംബങ്ങൾക്ക് ഈ അവധിക്കാലം ഒരിക്കലൂം മറക്കാനാവാത്ത ദുഖത്തിന്റെ കാലം ആകും. ഇതെല്ലാ വർഷവും പതിവാണ്. റോഡപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം പേർ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്. ഓരോ വർഷവും 1200 -ലധികം ആളുകളാണ് മുങ്ങിമരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. ജലസുരക്ഷയെപ്പറ്റി ഇന്നുതന്നെ നിങ്ങളുടെ കുട്ടികളോട് സംസാരിക്കുക. ചുരുങ്ങിയത് എൻറെ വായനക്കാരിൽ ഒരാളുടെ കുട്ടി പോലും ഈ വേനലവധിക്കാലത്ത് മുങ്ങി മരിക്കാതിരിക്കട്ടെ.
  2. തീ പോലെ വെള്ളം കുട്ടികൾക്ക് പേടിയോ മുന്നറിയിപ്പോ നൽകുന്നില്ലെന്നും, മുതിർന്നവർ കൂടെയില്ലാതെ ഒരു കാരണവശാലും വെള്ളത്തിലേക്ക് ഇറങ്ങരുതെന്നും അവരെ നിർബന്ധമായും പറഞ്ഞു മനസ്സിലാക്കുക. അത് ഫ്ളാറ്റിലെ സ്വിമ്മിംഗ് പൂൾ ആയാലും, ചെറിയ കുളമായാലും, കടലായാലും.
  3. നിങ്ങളുടെ കുട്ടിക്ക് നീന്താൻ അറിയില്ലെങ്കിൽ ഈ അവധിക്കാലം കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ ശ്രമിക്കുക, ആൺകുട്ടികളെയും പെൺകുട്ടികളെയും.
  4. അതെ സമയം തന്നെ അച്ഛൻ, അല്ലെങ്കിൽ അമ്മ ‘പണ്ടെത്ര നീന്തിയിരിക്കുന്നു’ എന്നും പറഞ്ഞു കുട്ടികളെയും കൊണ്ട് കുളത്തിലോ പുഴയിലോ പോകരുത്. പണ്ടത്തെ ആളല്ല നമ്മൾ, പണ്ടത്തെ പുഴയല്ല പുഴ. നീന്തൽ പഠിപ്പിക്കൽ പ്രൊഫഷണലുകൾക്ക് വിടുന്നതാണ് സുരക്ഷിതം.
  5. അവധിക്ക് ബന്ധുവീടുകളിൽ പോകുന്ന കുട്ടികളോട് മുതിർന്നവരില്ലാതെ കൂട്ടുകാരുടെ കൂടെ വെള്ളത്തിൽ മീൻ പിടിക്കാനോ, യാത്രക്കോ, കുളിക്കാനോ, കളിക്കാനോ പോകരുതെന്ന് പ്രത്യേകം നിർദേശിക്കുക. വിരുന്നു പോകുന്ന വീടുകളിലെ മുതിർന്നവരെയും ഇക്കാര്യം ഓർമിപ്പിക്കുന്നത് നല്ലതാണ്.
  6. വെള്ളത്തിൽ വെച്ച് കൂടുതലാകാൻ സാധ്യതയുള്ള അസുഖങ്ങൾ (അപസ്മാരം, മസ്സിൽ കയറുന്നത്, ചില ഹൃദ്രോഗങ്ങൾ) ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക. കൂട്ടുകാരോടും ബന്ധുക്കളോടും അത് പറയുകയും ചെയ്യുക.
  7. അവധികാലത്ത് ടൂറിന് പോകുന്‌പോൾ വെള്ളത്തിൽ ഇറങ്ങി എന്തെങ്കിലും അപകടം പറ്റിയാൽ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതണമെന്ന കാര്യം ആളുകളെ ബോധ്യപ്പെടുത്തുക. ലൈഫ് ബോയ് കിട്ടാനില്ലാത്തവർ വാഹനത്തിന്റെ വീർപ്പിച്ച ട്യൂബിൽ ഒരു നീണ്ട പ്ലാസ്റ്റിക് കയർ കെട്ടിയാൽ പോലും അത്യാവശ്യ സാഹചര്യത്തിൽ ഏറെ ഉപകാരപ്രദമായിരിക്കും.
  8. ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാൻ വെള്ളത്തിലേക്ക് എടുത്തു ചാടരുതെന്ന് എല്ലാവരെയും ബോധവൽക്കരിക്കുക. കയറോ കന്‌പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നത് മാത്രമാണ് സുരക്ഷിത മാർഗം.
  9. വെള്ളത്തിൽ യാത്രയ്ക്കോ കുളിക്കാനോ കളിക്കാനോ പോകുന്ന സ്ത്രീകളും പെൺകുട്ടികളും അവരുടെ വസ്ത്രധാരണത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. മിക്കവാറും കേരളീയവസ്ത്രങ്ങൾ അപകടം കൂട്ടുന്നവയാണ്. ഒന്നുകിൽ വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങൾ ധരിക്കുക, അല്ലെങ്കിൽ സുരക്ഷയിൽ കൂടുതൽ ശ്രദ്ധിക്കുക.
  10. വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം ചിലപ്പോൾ കാണുന്നതിനേക്കാൾ കുറവായിരിക്കാം. ചെളിയിൽ പൂഴ്ന്നു പോകാം, തല പാറയിലോ, മരക്കൊന്പിലോ അടിക്കാം. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് ശരിയായ രീതി.
  11. ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികൾ സുരക്ഷിതരല്ല. ബാലൻസ് തെറ്റി വീണാൽ ഒരടി വെള്ളത്തിൽ പോലും മുങ്ങി മരണം സംഭവിക്കാം.
  12. സ്വിമ്മിംഗ് പൂളിലെ ഉപയോഗത്തിനായി കന്‌പോളത്തിൽ കിട്ടുന്ന വായു നിറച്ച റിംഗ്, പൊങ്ങി കിടക്കുന്ന ഫ്ളോട്ട്, കയ്യിൽ കെട്ടുന്ന ഫ്ളോട്ട് ഇവയൊന്നും പൂർണ സുരക്ഷ നൽകുന്നില്ല. ഇവയുള്ളതുകൊണ്ട് മാത്രം മുതിർന്നവരുടെ ശ്രദ്ധയില്ലാതെ വെള്ളത്തിൽ ഇറങ്ങാൻ കുട്ടികൾ മുതിരരുത്.
  13. നേരം ഇരുട്ടിയതിനു ശേഷം ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്. അതുപോലെ തിരക്കില്ലാത്ത ബീച്ചിലോ, ആളുകൾ അധികം പോകാത്ത തടാകത്തിലോ, പുഴയിലോ പോയി ചാടാൻ ശ്രമിക്കരുത്.
  14. മദ്യപിച്ചതിന് ശേഷം ഒരിക്കലും വെള്ളത്തിൽ ഇറങ്ങരുത്. നമ്മുടെ കണക്കുകൂട്ടലുകൾ പൂർണ്ണമായും തെറ്റുന്ന സമയമാണത്. അനാവശ്യം റിസ്‌ക് എടുക്കും, കരകയറാൻ പറ്റാതെ വരികയും ചെയ്യും.
  15. സുഖമില്ലാത്തപ്പോഴോ മരുന്നുകൾ കഴിക്കുന്‌പോഴോ വെള്ളത്തിൽ ഇറങ്ങരുത്.
  16. ബോട്ടുകളിൽ കയറുന്നതിന് മുൻപ് അതിൽ സുരക്ഷക്കുള്ള ലൈഫ് വെസ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കുക.