ഓൺലൈൻ ഗെയിമുകൾ, ചൂതാട്ടം സംബന്ധിച്ച പരസ്യങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണം; നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: ഓൺലൈൻ ഗെയിമുകൾ, ചൂതാട്ടം സംബന്ധിച്ച പരസ്യങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്ര പ്രക്ഷേപണ മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

മാദ്ധ്യമങ്ങൾ ഓൺലൈൻ ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് നിയന്ത്രിക്കുകയും പൊതുസ്ഥലങ്ങളിൽ ഇത്തരം പരസ്യങ്ങൾ പതിക്കുന്നത് തടയുകയും വേണം. വാതുവെയ്പ് പരസ്യങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം, ഓൺലൈൻ റമ്മി നിരോധിച്ച് 2021 ൽ സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. എന്നാൽ, ഗെയിമിംഗ് കമ്പനികളുടെ ഹർജിയിൽ ഹൈക്കോടതി ഇത് റദ്ദാക്കി ഓൺലൈൻ റമ്മി നിയമവിധേയമാക്കി. നിലവിൽ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.