തിരുവനന്തപുരം: മുഖ്യമന്ത്രിയെ സന്ദർശിക്കാൻ പിഡിപി നേതാക്കൾ. അബ്ദുൽ നാസർ മദനിയുടെ യാത്ര സുരക്ഷാ ക്രമീകരണങ്ങൾ മൂലം അനിശ്ചിതത്വത്തിൽ ആയ സാഹചര്യത്തിൽ യാത്രയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്തി കേരള, കർണാടക സംസ്ഥാനതല ഇടപെടൽ ആവശ്യപ്പെട്ടാണ് നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിക്കുന്നത്. മദനി സന്ദർശിക്കുന്ന സ്ഥലങ്ങൾ കർണാടക പോലീസ് സംഘം സന്ദർശിച്ച ശേഷം മാത്രമേ മദനിക്ക് കേരളത്തിൽ വരാനാകൂ. ഈ സാഹചര്യത്തിലാണ് പിഡിപി നേതാക്കൾ മുഖ്യമന്ത്രിയെ കാണുന്നത്.
സുപ്രീം കോടതി വിധിയെ തുടർന്നാണ് മദനിയ്ക്ക് കേരളത്തിലെത്താൻ അവസരം ലഭിച്ചത്. അബ്ദുനാസർ മദനിക്ക് വരവേല്പ് നൽകുന്നതിനും, ചികിത്സാസംബന്ധമായ കാര്യങ്ങൾ വിലയിരുത്തുന്നതിനും വേണ്ടി പിഡിപി സെൻട്രൽ ആക്ഷൻ കമ്മിറ്റി അടിയന്തിര നേതൃയോഗം ഇന്ന് രാവിലെ 12 മണിക്ക് തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡിൽ വെച്ച് ചേർന്നിരുന്നു. സംഘടനാകാര്യ ജനറൽ സെക്രട്ടറി വി എം അലിയാർ
വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

